'അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്‌ത് രൺബീര്‍ കപൂറും രശ്‌മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'ആനിമൽ'. ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ് (Ranbir Kapoor's Animal Movie Song out). 'ഹുവാ മെയിന്‍' എന്ന് തുടങ്ങുന്ന റൊമാന്‍റിക് ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ബോളിവുഡിൽ ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ പ്രീതം, രാഘവ് ചൈതന്യ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'ജാം 8' മ്യൂസിക് സ്റ്റുഡിയോ ആണ് ഈ ഗാനം കമ്പോസ് ചെയ്‌തിരിക്കുന്നത്. പ്രണയാതുരമായ മെലഡി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
രൺബീർ- രശ്‌മിക താരജോഡികളുടെ കെമിസ്‌ട്രി തന്നെയാണ് ഗാനരംഗത്തിൽ ഹൈലൈറ്റാവുന്നത് (Ranbir Kapoor and Rashmika Mandanna starring Animal Movie). അതേസമയം 'പെണ്ണാളെ' (Pennaale) എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ മലയാളം പതിപ്പും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. മലയാളം പതിപ്പിനായി മങ്കൊമ്പ് ഗോപാലകൃഷ്‌ണനാണ് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കപിൽ കപിലൻ, പ്രീതം എന്നിവർ ചേർന്നാണ് ആലാപനം.
ബോബി ഡിയോളാണ് ചിത്രത്തിൽ വില്ലനായി വേഷമിടുന്നത്. അനില്‍ കപൂര്‍, തൃപ്‌തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഭൂഷണ്‍ കുമാറിന്‍റെയും കൃഷന്‍ കുമാറിന്‍റെയും ടി- സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.