തമിഴകത്തിന്റെ തലൈവർ രജനികാന്തിന്‍റെ (Rajinikanth) ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ജയിലർ' (Jailer). പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്‍റെ നേരത്തേ പുറത്തുവന്ന ക്യാരക്‌ടർ പോസ്റ്ററുകളും ടീസറും ഗാനവും എല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ, ചിത്രത്തിലെ സിംഗിൾ പ്രമോ വീഡിയോയും (Jailer Second Single PROMO) നെഞ്ചേറ്റുകയാണ് സിനിമാസ്വാദകർ.
രജനികാന്തിന്‍റെ മാസ് ഡയലോഗുകൾ കോർത്തിണക്കിയ പ്രമോ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലായി മാറി. 'ഹുക്കും, ടൈഗർ കാ ഹുക്കും' എന്ന തലൈവറുടെ മാസ് ഡയലോഗും തരംഗമാവുകയാണ്.
നെൽസൺ ദിലീപ് കുമാർ (Nelson Dilipkumar) ആണ് 'ജയിലർ' സംവിധാനം ചെയ്യുന്നത്. രജനികാന്തും നെല്‍സണും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ജയിലര്‍'. ഓഗസ്റ്റ് 10 ന് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും. മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ (Mohanlal) ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുമെന്നതും 'ജയിലറി'ന്‍റെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു. മാസ് ലുക്കിൽ തലൈവർ എത്തുമ്പോൾ വിന്‍റേജ് ലുക്കിലാണ് മോഹൻലാൽ.
സൺ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ കലാനിധി മാരനാണ് തിയേറ്ററുകളിൽ തരംഗം തീർക്കാനൊരുങ്ങുന്ന 'ജയിലർ' നിർമിക്കുന്നത്. വിജയ് (Vijay) നായകനായ 'ബീസ്റ്റി'ന് (Beast) ശേഷം സണ്‍ പിക്‌ചേഴ്‌സുമായി നെല്‍സണ്‍ ദിലീപ്‌കുമാര്‍ കൈകോര്‍ക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ജയിലര്‍'. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ ജയിലറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയില്‍ എത്തുക. 'മുത്തുവേല്‍ പാണ്ഡ്യന്‍' എന്നാണ് രജനിയുടെ കഥാപാത്രത്തിന്‍റെ പേര്.
തമന്ന (Tamannaah ) നായികയാകുന്ന ചിത്രത്തില്‍ രമ്യ കൃഷ്‌ണനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'പടയപ്പ' എന്ന ചിത്രത്തിന് ശേഷം രജനികാന്തും രമ്യ കൃഷ്‌ണനും ഒന്നിക്കുന്ന സിനിമ കൂടിയാണ് 'ജയിലർ'. കന്നട താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
അനിരുദ്ധ് രവിചന്ദർ (Anirudh Ravichander) ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ സിനിമയിലെ 'കാവാലാ' (Kaavaalaa) എന്ന ഗാനം മികച്ച പ്രതികരണമാണ് നേടിയത്. 3.12 മിനിട്ട് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ തമന്നയ്‌ക്കൊപ്പം സ്‌റ്റൈലിഷ് സ്‌റ്റെപ്പുകളുമായി രജനികാന്തും എത്തുന്നുണ്ട്. ശില്‍പ റാവുവും അനിരുദ്ധും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അരുണ്‍രാജ കാമരാജ് ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്.
ജാക്കി ഷറഫ്, യോഗി ബാബു, വിനായകന്‍, സുനില്‍, മിര്‍ണ മേനോന്‍, വാസന്ത് രവി, നാഗ ബാബു, ജാഫര്‍ സാദിഖ്, കിഷോര്‍, സുഗന്തന്‍, ബില്ലി മുരളി, മിഥുന്‍, കരാട്ടെ കാര്‍ത്തി, അര്‍ഷാദ്, റിത്വിക്, മാരിമുത്ത്, ശരവണന്‍ തുടങ്ങി വൻ താരനിരയാണ് ജയിലറില്‍ അണിനിരക്കുന്നത്. ആക്ഷനും പ്രധാന്യമുള്ള ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് ശിവയാണ്. ഗോകുലം ഗോപാലന്‍റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ജയിലർ കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.