ബെംഗളൂരു:പുലി നഖം ഉപയോഗിച്ചുള്ള ലോക്കറ്റ് ധരിച്ചുവെന്നാരോപിച്ച് കന്നഡ ബിഗ് ബോസ് മത്സരാര്‍ഥിയായ വര്‍ത്തൂര്‍ സന്തോഷിനെ വനം വകുപ്പ് അധികൃതര്‍ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ സംസ്ഥാനത്ത് സെലിബ്രിറ്റികളുടെ വീടുകളില്‍ റെയ്‌ഡ്. വര്‍ത്തൂര്‍ സന്തോഷിന് പിന്നാലെ കന്നട സൂപ്പര്‍ താരം തൂഗുദീപ് ദര്‍ശന്‍, നടന്‍ വിനയ് ഗുരുജി, ബിദനഗരെ ശനീശ്വര ക്ഷേത്രത്തിലെ പൂജാരിയായി ധനഞ്‌ജയ് ഗുരുജി എന്നിവരുമായി ബന്ധപ്പെട്ടയിടങ്ങളിലാണ് വനം വകുപ്പ് പരിശോധന നടന്നത്. ഇതില്‍ നടന്‍ ദര്‍ശനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഫോട്ടോയെ അടിസ്ഥാനമാക്കി സര്‍വ സംഘഥനെ യൂണിയനും ജനത പാര്‍ട്ടിയുമാണ് പരാതി നല്‍കിയത്.
പരാതിയും പരിശോധനയും: പുലി നഖം പോലുള്ള ലോക്കറ്റ് ധരിച്ചുള്ള താരത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കടുവ, സിംഹം, മാൻ തുടങ്ങിയ വന്യമൃഗങ്ങളെ കൊല്ലുന്നതും അവയുടെ നഖം, തോൽ, കൊമ്പ് തുടങ്ങിയവ സൂക്ഷിക്കുന്നതും വിൽപന നടത്തുന്നതും വനം-വന്യജീവി സംരക്ഷണ നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജനതാ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി നാഗേഷ് ബുധനാഴ്‌ച മല്ലേശ്വറിലെ വനം വകുപ്പ് ഓഫിസിലെത്തി പരാതി നല്‍കിയത്. മാത്രമല്ല നടന്മാരായ ദർശൻ, ജഗ്ഗേഷ്, വിനയ് ഗുരുജി എന്നിവർക്കെതിരെ സർവ സംഘഥനെ യൂണിയൻ പ്രസിഡന്റ് ശിവകുമാറും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. തുടര്‍ന്നാണ് ഇവരുടെ വസതികളിലെല്ലാം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.