തമിഴില്‍ അപ്രതീക്ഷിത വിജയം നേടിയ ചിത്രമായിരുന്നു 'പോര്‍ തൊഴില്‍'. വിഗ്നേഷ് രാജയാണ് തമിഴ് സിനിമയില്‍ സമീപകാലത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്നായ 'പോര്‍ തൊഴില്‍' സംവിധാനം ചെയ്‌തത്. ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രത്തില്‍ ശരത് കുമാര്‍, അശോക് സെല്‍വന്‍, നിഖില വിമല്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.
ജൂണ്‍ 9 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 63 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തുക. ഓഗസ്റ്റ് 11ന് സോണി ലിവിൽ സിനിമയുടെ സ്‌ട്രീമിങ് ആരംഭിക്കും.
റിലീസ് ദിനം മുതല്‍ ലഭിച്ച പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തെ വൻ വിജയമാക്കി തീർത്തത്. അല്‍ഫ്രഡ് പ്രകാശിനൊപ്പം വിഗ്നേഷ് രാജയും ചേര്‍ന്നാണ് ഉദ്വേഗം നിറഞ്ഞ ചിത്രത്തിന്‍റെ രചന നിർവഹിച്ചത്. എപ്ലോസ് എന്‍റര്‍ടെയ്ന്‍മെന്‍റ്, ഇ 4 എക്‌സ്‌പിരിമെൻസ്, എപ്രിയസ് സ്റ്റുഡിയോ എന്നീ ബാനറുകളാണ് ഈ ചിത്രം നിർമിച്ചത്.
ശരത്ത് ബാബു, ഒ എ കെ സുന്ദര്‍, സുനില്‍ സുഖദ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്. കലൈയരസന്‍ ശിവാജി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്‌തിരിക്കുന്നത് ശ്രീജിത്ത് സാരംഗം ആണ്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്.