മലയാളത്തില്‍ ഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു. ജീത്തു ജോസഫ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. ആശിർവാദ് സിനിമാസ് ആണ് ചിത്രത്തിന്‍റെ നിർമാണം. ആശിർവാദ് സിനിമാസ് നിർമിക്കുന്ന 33-ാമത്തെ ചിത്രം കൂടിയാണിത്.
'ദൃശ്യം, ദൃശ്യം 2, 12-ത്ത് മാൻ, റാം' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ജീത്തു ജോസഫ് മോഹൻലാലുമായി വീണ്ടും കൈകോർക്കുന്നത്. ഏതായാലും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തെ ആഘോഷത്തോടെ വരവേൽക്കുകയാണ് ആരാധകർ. ഓഗസ്റ്റ് മാസം ഷൂട്ടിങ് തുടങ്ങുമെന്നും പോസ്റ്ററില്‍ പറയുന്നു.
അതേസമയം 'ദൃശ്യ'ത്തിന്‍റെ മൂന്നാം ഭാഗമാണോ അണിയറയിൽ ഒരുങ്ങുന്നത് എന്ന സംശയവും ചിലർ മുന്നോട്ട് വയ്‌ക്കുന്നുണ്ട്. ത്രില്ലർ ചിത്രമാണോ എന്നും ചിലർ ചോദിക്കുന്നു. എന്നാല്‍ സിനിമയുടെ പേരോ ചിത്രത്തിന്‍റെ ജോണർ ഉൾപ്പടെയുള്ള കൂടുതല്‍ വിവരങ്ങളോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന 'റാം' എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. പുതിയ ചിത്രത്തിന്‍റെ അനൗൺസ്‌മെന്‍റ് പോസ്റ്ററിന് താഴെ റാമിന്‍റെ അപ്‌ഡ്ഷനുകൾ തിരയുന്നവരും കുറച്ചൊന്നുമല്ല.
'റാം പാര്‍ട്ട് 1' പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ജീത്തു ജോസഫ് മറ്റൊരു മോഹന്‍ലാൽ ചിത്രം പ്രഖ്യാപിച്ചതിലുള്ള അമ്പരപ്പിലാണ് ആരാധകർ. യാതൊരു സൂചനയും ഇല്ലാതെ എത്തിയ പ്രഖ്യാപനം ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ജീത്തുവും മോഹന്‍ലാലും ഒരുമിച്ച അവസാന രണ്ട് ചിത്രങ്ങളും ഡയറക്റ്റ് ഒടിടി ആയാണ് റിലീസ് ചെയ്‌തിരുന്നത്. 'ദൃശ്യം 2, ട്വല്‍ത്ത് മാന്‍' എന്നിവയായിരുന്നു ഈ ചിത്രങ്ങള്‍. എന്നാല്‍ വരാൻ പോകുന്ന ചിത്രങ്ങൾ തിയേറ്ററിലൂടെ തന്നെ പുറത്തു വിടണമെന്ന അഭ്യർഥനയും സിനിമാസ്വാദകർ നടത്തുന്നുണ്ട്.
'റാം': ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിന്‍റെ റാം. രണ്ടു ഭാഗങ്ങളായാണ് ഈ ചിത്രം ഒരുങ്ങുന്നത്. കൊവിഡിന് മുന്നേ ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു എങ്കിലും ലോക്‌ഡൗണും മറ്റ് പ്രശ്‌നങ്ങളും കാരണം റാമിന്‍റെ ഷൂട്ടിങ് നീണ്ട് പോയിരുന്നു. തങ്ങള്‍ ഉദ്ദേശിച്ച വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാലാണ് സിനിമ വൈകുന്നതെന്ന് നേരത്തെ സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.
ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും എഴുതിയിരിക്കുന്നത്. തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ദ്രജിത് സുകുമാരന്‍, സംയുക്ത, ദുര്‍ഗ കൃഷ്‌ണ, ചന്തുനാഥ്, അനൂപ് മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഭിഷേക് ഫിലിംസ് പാഷന്‍ സ്റ്റുഡിയോസിന്‍റെ കീഴില്‍ രമേശ്. പി. പിള്ള, സുധന്‍ സുന്ദരം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിഷ്‌ണു ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്‍റെ ഷൂട്ട് പുനഃരാരംഭിക്കും എന്നാണ് വിവരം.
READ ALSO:റാം 50 ശതമാനം പൂര്‍ത്തിയായി; മോഹന്‍ലാല്‍ ഇനി മൊറോക്കോയില്‍