'ബയോഗ്രഫി ഓഫ് എ വിജിലൻ്റ് കോപ്പ്’: 'ബയോഗ്രഫി ഓഫ് എ വിജിലൻ്റ് കോപ്പ്’ എന്ന ടാഗ് ലൈനോട് കൂടി മമ്മൂട്ടിയെ കോന്ദ്രകഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്‌ത ചിത്രമാണ് ‘ക്രിസ്റ്റഫർ’. മോഹൻലാൽ നായകനായ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്‌ത സിനിമയാണ് ‘ക്രിസ്റ്റഫർ’. ഉദയകൃഷ്‌ണ തിരകഥ ഒരുക്കിയ ചിത്രത്തിൽ സ്‌നേഹയാണ് മമ്മൂട്ടിയുടെ നായികയായെത്തുന്നത്.
വിനയ് റായ് വില്ലനായെത്തുന്ന സിനിമയിൽ തമിഴ് സിനിമ നടൻ ശരത്തും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തമിഴ് സിനിമ നടൻ വിനയ് റായ് ആദ്യമായി അഭിനയിച്ച മലയാള സിനിമ എന്ന സവിശേഷതയും ക്രിസ്റ്റഫറിനുണ്ട്. ദിലീഷ് പോത്തൻ, ഐശ്വര്യ ലക്ഷ്‍മി,അമല പോള്‍, സിദ്ദിഖ്, വിനീത കോശി, ജിനു എബ്രഹാം എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിച്ച ക്രിസ്റ്റഫറിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ആർ ഡി ഇല്യൂമിനേഷൻസ് എൽഎൽപി ആണ്.
‘കഴിവുള്ള അഭിനേതാക്കളുമായി സ്‌ക്രീൻ പങ്കിടാൻ സാധിച്ചതും, ക്രിസ്റ്റഫറിൽ പ്രവർത്തിച്ചതും വളരേ നല്ല ഒരു അനുഭവമായിരുന്നു. കഥയോടുള്ള ഉണ്ണികൃഷ്‌ണൻ ബിയുടെ കാഴ്‌ചപ്പാടും ബോധ്യവും ഓരോ ഫ്രെയിമിലും പ്രകടമാണ്. കഥയ്ക്ക് ആഗോളതലത്തിലുള്ള സമകാലിക പ്രസക്തിയും ഉണ്ടെന്ന് ഞാൻ കരുതുന്നു. പ്രൈം വിഡിയോയിലൂടെ ക്രിസ്റ്റഫർ ആഗോളതലത്തിലേക്ക് എത്തുകയും ലോകമെമ്പാടുമുള്ള സിനിമ ആരാധർ സിനിമ ആസ്വദിക്കുന്നതിലും ഞാൻ സന്തുഷ്‌ടനാണ്.’ മമ്മൂട്ടി പറഞ്ഞു. ക്രിസ്റ്റഫറിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് ആമസോൺ പ്രൈം വിഡിയോയാണ്.
മാളവിക മോഹനും-മാത്യൂ തോമസും ഒരുമിച്ച ക്രിസ്റ്റി: മാളവിക മോഹനും, ബാലതാരമായി സിനിമയിൽ എത്തിയ മാത്യൂ തോമസും തകർത്തഭിനയിച്ച സിനിമയാണ് ‘ക്രിസ്റ്റി’. ജി.ആർ ഇന്ദുഗോപനും ബെന്യാമിനും ചേർന്നാണ് ‘ക്രിസ്റ്റി’യുടെ തിരക്കഥ നിർവഹിച്ചത്. റോക്കി മൗണ്ടെയ്ൻ സിനിമാസിൻ്റെ ബാനറിൽ കണ്ണൻ സതീശനും, സാജെയ് സെബാസ്റ്റിനും ചേർന്ന് നിർമിച്ച സിനിമ ആൽവിൻ ഹെൻറിയാണ് സംവിധാനം ചെയ്‌തത്.