മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനിലെ (Malaikottai Vaaliban) ആദ്യ ഗാനം പുറത്ത്. 'പുന്നാരക്കാട്ടിലെ പൂവനത്തിൽ' (Punnara Kattile Poovanatthil) എന്ന ഗാനമാണ് റിലീസ് ചെയ്‌തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകൻ. 'മലൈക്കോട്ടൈ വാലിബന്' വേണ്ടി കഥ ഒരുക്കിയ പി എസ് റഫീഖ് തന്നെയാണ് ഈ ഗാനത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ മലൈക്കോട്ടൈ വാലിബന്‍റെ ടീസറിന് ശേഷമാണ് ചിത്രത്തിലെ ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്. മോഹന്‍ലാല്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്‌തത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു ടീസർ.
Also read:കണ്ടതെല്ലാം പൊയ്, ഇനി കാണാൻ പോകുന്നത് നിജം; മലൈക്കോട്ടൈ വാലിബന്‍ ടീസർ എത്തി
മോഹന്‍ലാലിന്‍റെ അത്യുഗ്രന്‍ ഡയലോഗോടുകൂടിയാണ് ടീസര്‍ ആരംഭിക്കുന്നത്. കൺ കണ്ടത് നിജം, കാണാത്തത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം' - ഇപ്രകാരമാണ് ചിത്രത്തിന്‍റെ ടീസര്‍ ആരംഭിക്കുന്നത്. ടീസറിലുടനീളം മോഹന്‍ലാലും അദ്ദേഹത്തിന്‍റെ സംഭാഷണവുമാണ് ദൃശ്യമാകുന്നത്. പിരിയഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രം. 2024 ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്‍റെ മാക്‌സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് മലൈക്കോട്ടൈ വാലിബന്‍റെ നിർമാതാക്കൾ.
2010ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം 'നായകൻ', 'ആമേൻ' തുടങ്ങിയ സിനിമകളില്‍ ലിജോ ജോസിനൊപ്പം പ്രവർത്തിച്ചിട്ടുള്ളയാളാണ് പിഎസ് റഫീഖ്. അദ്ദേഹത്തെ കുറിച്ച് സംവിധായകന്‍ ലിജോ ജോസ് പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
'എന്നെ സംബന്ധിച്ചിടത്തോളം, ഒരു തീം അന്തിമം ആക്കുന്ന പ്രക്രിയ അടുത്ത വലിയ ഹിറ്റ് സൃഷ്‌ടിക്കുന്നതിനുള്ള സമ്മർദ്ദത്തിൽ നിന്നല്ല. അതൊരു സ്വാഭാവിക പുരോഗതിയാണ്. മലൈക്കോട്ടൈ വാലിബൻ എന്ന അടിസ്ഥാന ആശയം കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്നിൽ മുളച്ചു തുടങ്ങി, പിന്നീട് പരിണമിച്ചു. സമഗ്രമായ ഇതിവൃത്തം. റഫീഖിനെ പോലുള്ള ഒരു എഴുത്തുകാരൻ ആ ലോകം വികസിപ്പിച്ചെടുത്തു. പിന്നെ ലാലേട്ടൻ ആ കഥാപാത്രത്തിന് അനുയോജ്യന്‍ ആണെന്ന് തോന്നി' - എന്നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്.