തമിഴ് സിനിമ ലോകത്തെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ് (Lokesh Kanagaraj). തമിഴകത്തിന്റെ പ്രിയ താരം വിജയ്യെ (Vijay) നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലിയോ' (Leo). സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലിയോ'യുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന് അടുത്തിടെയാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുന്ന ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ തമിഴകത്ത് നിന്നും വരുന്നത്.
വിജയ്യെ നായകനാക്കി ഇനിയും സിനിമ ഒരുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്. വിജയ്യുമൊത്ത് ഇനിയും സിനിമകൾ പ്രതീക്ഷിക്കാമോ എന്ന് ചോദിച്ച മാധ്യമങ്ങൾക്ക് മറുപടിയായാണ് ലോകേഷ് കനകരാജിന്റെ വെളിപ്പെടുത്തൽ. ഇനിയും അവസരം ലഭിച്ചാൽ വിജയ്യെ നായകനാക്കി സിനിമ ഒരുക്കുമെന്നാണ് ലോകേഷ് അറിയിച്ചത്.
സംവിധായകന്റെ വാക്കുകൾ ആഘോഷപൂർവം ഏറ്റെടുത്തിരിക്കുകയാണ് വിജയ് ആരാധകർ. 'മാസ്റ്റര്‍' എന്ന ചിത്രത്തിലാണ് വിജയിയും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ചത്. ഇപ്പോഴിതാ 'ലിയോ'ക്ക് പിന്നാലെ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് ലോകേഷ്.
കമല്ഹാസൻ നായകനായ ഹിറ്റ് ചിത്രം 'വിക്രമി'ലൂടെ രാജ്യമെമ്പാടുമുള്ള സിനിമാസ്വാദകരുടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ഇതിനിടെ ലോകേഷ് കനകരാജിന്റെ മറ്റൊരു വമ്പൻ ചിത്രവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. രജനികാന്തിനെ നായകനാക്കി ലോകേഷ് പുതിയ ചിത്രം ഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല.