മലയാള സിനിമയില്‍ വേറിട്ട പരീക്ഷണവുമായി എത്തിയ ചിത്രമായിരുന്നു 'വാലാട്ടി' (Valatty). 11 നായകളും ഒരു പൂവൻ കോഴിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് എന്നത് തന്നെയായിരുന്നു 'വാലാട്ടി'യെ വേറിട്ടതാക്കിയത്. മലയാളത്തില്‍ ഒരു പരീക്ഷണ ചിത്രമായി ഒരുക്കിയ 'വാലാട്ടി' വളര്‍ത്തുമൃഗങ്ങളുടെ കഥയാണ് പറയുന്നത്.
ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു നിർമിച്ച ഈ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. ഇതിനിടെ ചിത്രത്തിന്‍റെ ഡബിങിനിടയിലെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മലയാളികളുടെ പ്രിയ താരം നസ്‌ലിൻ (Naslen K Gafoor) ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയ ഒരു നായയ്‌ക്ക് ഡബ് ചെയ്യുന്ന വീഡിയോ ആണിത്. സംവിധായകൻ ലാൽ ജോസ് (Lal Jose) ആണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ വീഡിയോ പങ്കുവച്ചത്.
ഏറെ ആസ്വദിച്ച് ഡബ് ചെയ്യുന്ന നസ്‌ലിന്‍റെ വീഡിയോ കാഴ്‌ചക്കാരുടെ ഹൃദയം കവരുകയാണ്. നവാഗതനായ ദേവൻ ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. മലയാളത്തിലെ മുൻനിര താരങ്ങളാണ് ചിത്രത്തിലെ നായ ഉൾപ്പടെയുള്ള മൃഗങ്ങൾക്ക് ശബ്‌ദം നൽകിയിരിക്കുന്നത്. നസ്‌ലിന് പുറമെ അജു വർഗീസ്, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നായ്‌ക്കളുടെ ശബ്‌ദമായത്.
മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുഗു എന്നീ ഭാഷകളിലായി ജൂലൈ 21 ന് ആണ് ഈ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തിയത്. നായകളും പൂവൻ കോഴിയും തമ്മിലുള്ള പ്രണയവും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. ഇതിനൊപ്പം മനുഷ്യരുടെ വികാര വിചാരങ്ങളും കൂടി ചിത്രം പ്രേക്ഷകർക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. സാമൂഹികപ്രസക്തമായ ഒട്ടേറെ കാര്യങ്ങളാണ് 'വാലാട്ടി' പറയുന്നത്. സ്‌നേഹവും സൗഹൃദവും എല്ലാം മനുഷ്യർക്കിടയിൽ മാത്രമാണെന്ന മിഥ്യാധാരണ തിരുത്തി എഴുതുന്നുണ്ട് ഈ ചിത്രം.
നിർമാതാവിന് പുറമെ അഭിനേതാവായും വിജയ് ബാബു ചിത്രത്തിന്‍റെ ഭാഗമായുണ്ട്. രോഹിണി, അക്ഷയ് ബാലകൃഷ്‌ണൻ, മഹിമ നമ്പ്യാർ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. വിഷ്‌ണു പണിക്കര്‍ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്‌തിരിക്കുന്നത് അയ്യൂബ് ഖാന്‍ ആണ്. വരുണ്‍ സുനില്‍ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - സംഗീത് പി രാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിബു ജി സുശീലന്‍, കോസ്‌റ്റ്യൂം ഡിസൈന്‍ - ജിതിന്‍ ജോസ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ - ധനുഷ് നായനാര്‍, കലാ സംവിധാനം - അരുണ്‍ വെഞ്ഞാറമ്മൂട്, വിഎഫ്‌എക്‌സ് - ഗ്രീന്‍ ഗോള്‍ഡ് അനിമേഷന്‍, വിഎഫ്‌എക്‌സ് സൂപ്പര്‍വൈസര്‍ - ജിഷ്‌ണു പി ദേവ്, സ്‌പോട്ട് എഡിറ്റര്‍ - നിതീഷ് കെടിആര്‍, മോഷന്‍ പോസ്‌റ്റര്‍ - ജിഷ്‌ണു എസ് ദേവ്, കളറിസ്‌റ്റ് - വിവേക് വി നായര്‍, പോസ്‌റ്റര്‍ ഡിസൈന്‍ - ഓള്‍ഡ് മങ്ക്‌സ്, സ്‌റ്റില്‍സ് - വിഷ്‌ണു എസ് രാജന്‍, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.