ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന എമ്പുരാന്‍റെ ഔദ്യോഗിക ലോഞ്ച് നിര്‍വഹിച്ച് നിര്‍മാതാക്കള്‍. കാത്തിരിപ്പിന് വിരാമമിട്ട് ഷൂട്ടിങ് ഒക്‌ടോബര്‍ അഞ്ചിന് ആരംഭിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം 2019 ല്‍ പുറത്തിറങ്ങി ബോക്‌സോഫിസ് പൂരപ്പറമ്പാക്കിയ പൊളിറ്റിക്കല്‍ ത്രില്ലറായ ലൂസിഫറിന്‍റെ തുടര്‍ഭാഗമായാണ് എല്‍2:എമ്പുരാന്‍ എത്തുക.
ലൂസിഫര്‍ പുറത്തിറങ്ങിയ അന്നുമുതല്‍ തന്നെ ചിത്രത്തിന്‍റെ രണ്ടാം ഭാഗമുണ്ടാകുമെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ പണിപ്പുരയിലാണെന്നും എല്ലാം ശരിയായ സമയത്ത് തന്നെ സംഭവിക്കുമെന്നും ചിത്രത്തിന്‍റെ സംവിധായകനും നിര്‍മാതാവും നടനുമായ പൃഥ്വിരാജും സമൂഹമാധ്യമങ്ങളിലൂടെ അപ്‌ഡേറ്റ് പങ്കുവച്ചിരുന്നു. ഇതോടെ ആരാധകരും സിനിമ പ്രേമികളും ആ ദിവസത്തിനായുള്ള കാത്തിരിപ്പും ആരംഭിച്ചു. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്‍റെ ജന്മദിനത്തില്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും ആരാധകവൃന്ദവും പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയിരുന്നു. ഇതിനെല്ലാം നിലവിലെ അറിയിപ്പിലൂടെ അവസാനമായിരിക്കുകയാണ്.
കാത്തിരുന്ന വീഡിയോയില്‍ എന്തെല്ലാം:ഒക്‌ടോബര്‍ അഞ്ചിന് എല്‍2:എമ്പുരാന്‍ ചിത്രീകരണം ആരംഭിക്കും എന്നതിലുപരി മറ്റൊരു സുപ്രധാന അപ്‌ഡേറ്റുകൂടിയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങിയിരുന്ന ചിത്രത്തിന് തമിഴ് ചലച്ചിത്ര നിര്‍മാണ മേഖലയിലെ വമ്പന്മാരായ ലൈക്ക പ്രൊഡക്ഷന്‍സ് കൂടി എത്തുന്നുവെന്നതാണിത്.
Also Read: ആദ്യ ഭാഗം അവസാനിച്ചിടത്ത് നിന്നും രണ്ടാം ഭാഗത്തിന് തുടക്കം, എമ്പുരാന്‍ ലൂസിഫറിന് മുകളില്‍ നില്‍ക്കുമെന്ന് മോഹന്‍ലാല്‍
മലയാള സിനിമ ഇതുവരെ കണ്ട വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം എന്ന ഖ്യാതിക്കൊപ്പം നിര്‍മാണത്തില്‍ പൊന്നിയിന്‍ സെല്‍വന്‍ പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കിയ ലൈക്ക കൂടി എത്തുന്നതോടെ ക്വാളിറ്റിയിലും ഡബിള്‍ ഗ്യാരന്‍റി എത്തിക്കുകയാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍. മാത്രമല്ല ലൂസിഫറിലെ പ്രധാന ഭാഗങ്ങള്‍ ഒരു റീക്കാപ്പ് മോഡില്‍ പങ്കുവച്ച ശേഷമായിരുന്നു 'കഥ ഇവിടെ അവസാനിക്കുന്നില്ല' എന്ന സുപ്രധാന വിശേഷത്തിലേക്ക് നിര്‍മാതാക്കള്‍ കടന്നത് എന്നതും ആവേശം ഇരട്ടിയാക്കുന്നുണ്ട്.
മലയാളത്തിന്‍റെ ലൂസിഫര്‍:സ്‌റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം എന്ന കഥാപാത്രത്തെ മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ലൂസിഫറിന്‍റെ തുടര്‍ഭാഗമായ എമ്പുരാന്‍, മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക. കേരളത്തിലെ കലുഷിത രാഷ്‌ട്രീയത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കി, മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയും ഖുറേഷി അബ്‌റാം എന്ന അന്താരാഷ്‌ട്ര മാഫിയ തലവനായി അദ്ദേഹത്തിന്‍റെ യഥാർത്ഥ ഐഡന്‍റിറ്റിയെയുമാണ് ചിത്രം വരച്ചിടുന്നത്.
തമിഴ്‌നാട്, ഉത്തരേന്ത്യ, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാകും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. ഒരു മലയാള സിനിമ എന്ന നിലയില്‍ മാത്രമല്ല 'എമ്പുരാന്‍' ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നും ഹോളിവുഡ് സിനിമകള്‍ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് 'എമ്പുരാനാ'യി ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Also Read:'ഖുറേഷി മൊറോക്കോയില്‍', കറുപ്പില്‍ തിളങ്ങി മോഹന്‍ലാല്‍; ചിത്രവുമായി ആന്‍റണി പെരുമ്പാവൂര്‍