മുംബൈ: ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറിന്റേതായി വലിയ തരംഗമായി മാറിയ ഷോകളിലൊന്നാണ് കോഫി വിത്ത് കരണ്‍. ഹിന്ദി സിനിമാലോകത്തെ മുന്‍നിര താരങ്ങള്‍ ഉള്പ്പടെയുളളവരെല്ലാം പരിപാടിയില്‍ അതിഥികളായി എത്തി. കോഫി വിത്ത് കരണ്‍ ഷോയില്‍ മുന്‍പ് ചില താരങ്ങള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദങ്ങളായി മാറിയിരുന്നു. കരണ്‍ അവതാരകനായ പരിപാടിയില്വച്ചുളള താരങ്ങളുടെ പ്രസ്താവനകള്‍ പലപ്പോഴും മാധ്യമങ്ങള്‍ ഏറ്റെടുത്തു.
എന്നാല്‍ തന്റെ സിനിമാതിരക്കുകള്‍ക്കിടയിലും വര്‍ഷങ്ങളായി ഷോയുമായി മുന്നോട്ടുപോവുകയായിരുന്നു സംവിധായകന്. ഒരാഴ്ച മുന്‍പാണ് കോഫി വിത്ത് കരണിന്റെ ഏഴാം സീസണ് ആരംഭിക്കുവാനുളള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ കോഫി വിത്ത് കരണിന്റെ പുതിയ സീസണ് ഇനി ഉണ്ടാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്.
ഷോ വീണ്ടും മെയ് മാസം ആരംഭിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കരണ്‍ ജോഹര്‍ വിശദീകരണവുമായി എത്തിയത്. "കോഫി വിത്ത് കരണ്‍ എന്റെയും നിങ്ങളുടെയും ജീവിതത്തിന്റെ ഭാഗമായ ഒന്നാണ്. ഇപ്പോള്‍ ആറ് സീസണുകളായി. പോപ്പ് കൾച്ചർ ചരിത്രത്തിൽ ഞങ്ങൾ ഒരു സ്വാധീനം ചെലുത്തുകയും ഞങ്ങളുടെ ഇടം കണ്ടെത്തുകയും ചെയ്തുവെന്ന് കരുതാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ കോഫി വിത്ത് കരൺ തിരിച്ചുവരില്ലെന്ന് ഹൃദയ വേദനയോടെ അറിയിക്കുന്നു" - കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു.
2004ല്‍ സ്റ്റാര്‍ വേള്‍ഡ് ചാനലിലാണ് കോഫി വിത്ത് കരണിന്റെ ആദ്യ പ്രീമിയര്‍ നടന്നത്. തുടര്‍ന്ന് 2019 വരെ പരിപാടിയുടെ ആറ് സീസണുകള്‍ സംപ്രേഷണം ചെയ്തു. കരണ്‍ ജോഹറിന്റെ അടുത്ത സുഹൃത്തുക്കളായ ഷാരൂഖ് ഖാനും കജോളും ആയിരുന്നു കോഫി വിത്ത് കരണ്‍ ഷോയുടെ ആദ്യ എപ്പിസോഡില്‍ അതിഥികളായി എത്തിയത്.