ന്യൂഡല്‍ഹി: താരദമ്പതികളായ ഐശ്വര്യ റായ്‌യുടെയും അഭിഷേക് ബച്ചന്‍റെയും മകള്‍ ആരാധ്യ ബച്ചനെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. തന്‍റെ ആരോഗ്യ നിലയെ സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെ ആരാധ്യ ബച്ചന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പതിനൊന്ന് വയസുകാരിയായ തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ യൂട്യൂബ് ചാനലിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ആരാധ്യ കോടതിയെ സമീപിച്ചത്.
പരാതിക്കാരി ഉന്നയിച്ച ആവശ്യ പ്രകാരമുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ യൂട്യൂബ് ചാനലുകള്‍ക്കും അവയുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും ജസ്റ്റിസ് സി.ഹരി നിര്‍ദേശം നല്‍കി. വിഷയവുമായി ബന്ധപ്പെട്ടതോ അവയുമായി സാമ്യമുള്ളതോ ആയ വീഡിയോകള്‍ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ അവ നീക്കം ചെയ്യാന്‍ ഗൂഗിള്‍ ഉടനടി നടപടികള്‍ സ്വീകരിക്കുമെന്നും ജഡ്‌ജി വ്യക്തമാക്കി. വിഷയത്തില്‍ ഗൂഗിളിന്‍റെ നയം വ്യക്തമാക്കാനും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും കോടതി നിര്‍ദേശിച്ചു.
നിയമം വിലക്കിയ സംഭവമാണിതെന്ന് കോടതി:സെലിബ്രിറ്റികളെ കുറിച്ച് യൂട്യൂബിലൂടെയും ഇന്‍റര്‍നെറ്റിലൂടെയും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് ആദ്യ സംഭവമല്ലെന്നും എന്നാല്‍ ആരാധ്യയെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് കുട്ടിയോടുള്ള കടുത്ത അവഗണനയാണെന്നും കോടതി പറഞ്ഞു. ഓരോ കുട്ടികളോടും അത് സെലിബ്രിറ്റിയാണെങ്കിലും സാധാരണക്കാരാണെങ്കിലും ബഹുമാനത്തോടെ പെരുമാറണം. കുട്ടിയുടെ മാനസികമോ ശാരീരികമോ ആയ കാര്യങ്ങളെ കുറിച്ച് പ്രചരണങ്ങള്‍ നടത്തുന്നത് നിയമം പൂര്‍ണമായും വിലക്കിയിട്ടുള്ള കാര്യമാണെന്നും കോടതി ഓര്‍മിപ്പിച്ചു.
വീഡിയോ കണ്ടതായി ബച്ചന്‍ കുടുംബം:ആരാധ്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള ഒന്നിലധികം വീഡിയോകള്‍ യൂട്യൂബില്‍ കണ്ടതായി ബച്ചന്‍ കുടുംബം അവകാശപ്പെടുന്നു. ആരാധ്യ മരിച്ചുവെന്നും കുട്ടിയ്‌ക്ക് വൈദ്യ സഹായം ലഭ്യമാക്കാന്‍ ബച്ചന്‍ കുടുംബം പ്രത്യേകിച്ചൊന്നും ചെയ്‌തില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ടെന്നും ബച്ചന്‍ കുടുംബം പറഞ്ഞു.