അർജുൻ അശോകൻ (Arjun Ashokan) നായകനായെത്തുന്ന ചിത്രം 'തീപ്പൊരി ബെന്നി'യുടെ ടീസർ (Theeppori Benny Teaser) പുറത്ത്. ഫയർ ഡാൻസും തകർപ്പൻ നൃത്ത ചുവടുകളുമായാണ് ബെന്നിയും കൂട്ടരും ഗംഭീരമായി തന്നെ തങ്ങളുടെ വരവറിയിച്ചത്. തിയേറ്ററുകളില്‍ വൻ വിജയം നേടിയ 'വെള്ളിമൂങ്ങ', കൂടാതെ 'ജോണി ജോണി യെസ് അപ്പാ' എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും 'വെളളിമൂങ്ങ'യുടെ സഹ സംവിധായകൻ രാജേഷ് മോഹനും ചേർന്ന് എഴുത്തും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'തീപ്പൊരി ബെന്നി'.
അർജുൻ അശോകനും ഷാജു ശ്രീധറും റാഫിയുമാണ് ടീസറില്‍ അണിനിരക്കുന്നത്. ഇവർ മൂവരും ചേർന്നുള്ള ഫയർ ഡാൻസും ചിരി പടർത്തുന്ന സംഭാഷണങ്ങളുമാണ് ടീസറില്‍ ഉള്ളത്. എൺപതുകളിലെ ഡിസ്‌കോ ഡാൻസ് ഗാനങ്ങളെ ഓർമിപ്പിക്കുന്ന രീതിയിലുള്ള ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഉടൻ റിലീസിനായി ഒരുങ്ങുന്ന 'തീപ്പൊരി ബെന്നി'യുടെ ഈ ടീസർ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഉയർത്തുന്നതാണെന്ന് നിസംശയം പറയാം.
അടുത്തിടെ 'രോമാഞ്ച'ത്തിലെ സിനുവായും 'പ്രണയവിലാസ'ത്തിലെ സൂരജായുമൊക്കെ മികച്ച പ്രകടനം കാഴ്‌ചവച്ച താരമാണ് അർജുൻ അശോകൻ. എന്നാല്‍ ഇത്തവണ ഒരു നാട്ടിൻ പുറത്തുകാരനായാണ് അർജുൻ പ്രേക്ഷകർക്ക് മുന്നില്‍ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവകത്തകർ പുറത്തുവിട്ടത്. ഒരു തൊഴുത്തിന്‍റെ പശ്ചാത്തലത്തിൽ ഉള്ള പോസ്റ്റർ കാണികളില്‍ കൗതുകവും ആകാംക്ഷയും നിറച്ചിരുന്നു.
ഒരു കർഷക ഗ്രാമത്തിലെ തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരനായ വട്ടക്കുട്ടയിൽ ചേട്ടായിയുടേയും രാഷ്‌ട്രീയത്തെ വെറുക്കുന്ന മകൻ ബെന്നിയുടേയും കഥയാണ് 'തീപ്പൊരി ബെന്നി' പറയുന്നത്. ഇവരുടെ ജീവിത സന്ദർഭങ്ങളെ നർമത്തിന്‍റെ ചരടില്‍ കോർത്തിണക്കി കുടുംബ പശ്ചാത്തലത്തിൽ വരച്ചുകാട്ടുന്ന ചിത്രമാണ് ‘തീപ്പൊരി ബെന്നി'. രാഷ്‌ട്രീയത്തെ വെറുക്കുന്ന 'തീപ്പൊരി ബെന്നി'യായി അർജുൻ അശോകൻ എത്തുമ്പോൾ മലയാളികളുടെ പ്രിയ താരം ജഗദീഷാണ് വട്ടക്കുട്ടയിൽ ചേട്ടായിയെ അവതരിപ്പിക്കുന്നത്.
ബേസില്‍ ജോസഫ് സംവിധാനം നിർവഹിച്ച, മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി' ഫെയിം ഫെമിന ജോർജ് (Femina George) ആണ് 'തീപ്പൊരി ബെന്നി'യിലെ നായിക. ടി.ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷ സാരംഗ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കർ (Shebin Backer) ആണ് ചിത്രത്തിന്‍റെ നിർമാണം. അജയ് ഫ്രാൻസിസ് ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സൂരജ് ഇ എസ് ആണ്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ശ്രീരാഗ് സജി ഈണം പകരുന്നു.
കോ - പ്രൊഡ്യൂസേഴ്‌സ് - റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ, പ്രൊഡക്ഷൻ ഡിസൈൻ - മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈൻ - ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ - അജിത് എ ജോർജ്, സ്റ്റണ്ട് - മാഫിയ ശശി, മേക്കപ്പ് - മനോജ് കിരൺ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ - ഉദയൻ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്‌ടർ - പ്രിജിൻ ജെസി, വിഎഫ്എക്‌സ് - പ്രോമിസ്, പ്രൊഡക്ഷൻ കൺട്രോളർ - അലക്‌സ് ഇ കുര്യൻ, സ്റ്റിൽസ് - അജി മസ്‌കറ്റ്, കളറിസ്റ്റ് - ലിജു പ്രഭാകർ, ടൈറ്റിൽ - ജിസെൻ പോൾ, വിതരണം സെൻട്രൽ പിക്ചേഴ്‌സ്, ഡിസൈൻസ് യെല്ലോ ടൂത്ത്‌സ് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർകത്തകർ.