ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി ഭാഷകളിലായി 100ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി 12 ചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്. രചയിതാവും നിർമാതാവും കൂടിയാണ്.
നടൻ പ്രതാപ് പോത്തൻ അന്തരിച്ചു 1978ൽ പുറത്തിറങ്ങിയ ഭരതൻ സംവിധാനം ചെയ്‌ത ആരവം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്‍റെ അഭിനയമികവ് കണ്ട ഭരതൻ തന്‍റെ ചിത്രത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു.1980ൽ പുറത്തിറങ്ങിയ ലോറി, ചാമരം എന്ന ചിത്രങ്ങളിലൂടെ സിനിമ മേഖലയിൽ ചുവടുറപ്പിച്ചു.
1987ൽ ഋതുഭേദം എന്ന ചിത്രത്തിലൂടെ സംവിധാന മേഖലയിലേക്ക് തിരിഞ്ഞു. തുടർന്ന് ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്‌തു. തമിഴിൽ ജീവ, വെട്രി വീഴ, സീവലപെരി പാണ്ടി, ലക്കി മാൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളും സംവിധാനം ചെയ്‌തു.
വളരെ നാളുകൾക്ക് ശേഷം 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. വളരെ ശ്രദ്ധേയമായ വേഷമായിരുന്നു ചിത്രത്തിലേത്. അയാളും ഞാനും തമ്മിൽ, ഇടുക്കി ഗോൾഡ് എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങൾ ചെയ്‌തു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
1985 ല്‍ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്‌തെങ്കിലും അടുത്ത വര്‍ഷം വിവാഹമോചിതനായി. പിന്നീട് 1990ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ല്‍ പിരിഞ്ഞു. ഈ ബന്ധത്തില്‍ കേയ എന്ന മകളുണ്ട്.
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് - പ്രത്യേക ജൂറി അവാര്‍ഡ് (2014), മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് (തകര -1979, ചാമരം-1980),ഒരു നവാഗത സംവിധായികന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് - മീണ്ടും ഒരു കാതല്‍ കഥൈ (1985),ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള SIIMA അവാര്‍ഡ് - 22 ഫീമെയില്‍ കോട്ടയം (2012) എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.