ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി. 'പർവ' എന്ന ചിത്രവുമായാണ് വിവേക് അഗ്നിഹോത്രി എത്തുന്നത് (Vivek Agnihotri Announced New Film Parva). മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചിത്രം വമ്പൻ ബജറ്റിലാണ് നിർമിക്കുന്നത്. എസ് എൽ ഭെെരപ്പയുടെ ഇതേ പേരിലുള്ള കന്നഡ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
മൂന്ന് ഭാഗങ്ങളിലായാകും ഈ ചിത്രത്തിന്‍റെ നിർമാണം. നിർമാതാവും നടിയുമായ പല്ലവി ജോഷി, സംവിധായകൻ പ്രകാശ് ബെൽവാടി, എഴുത്തുകാരൻ എസ് എൽ ഭെെരപ്പ എന്നിവരുടെ സാന്നിധ്യത്തിലാണ് വിവേക് അഗ്നിഹോത്രി തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. 'വമ്പൻ പ്രഖ്യാപനം' എന്നാണ് സംവിധായകൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
മഹാഭാരതം ചരിത്രമാണോ അതോ മിത്തോളജിയോ എന്ന് ചോദിച്ച വിവേക് അഗ്നിഹോത്രി പർവയെ 'മാസ്റ്റർപീസ് ഓഫ് മാസ്റ്റർപീസ്' എന്ന് വിളിക്കാൻ ഒരു കാരണമുണ്ടെന്നും പറയുന്നു. 'പർവ - ധർമ്മത്തിന്‍റെ ഒരു ഇതിഹാസ കഥ' എന്നും അദ്ദേഹം കുറിച്ചു. അതേസമയം ചിത്രത്തിലെ താരനിര ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
'ദി വാക്‌സിൻ വാർ' (The Vaccine War) ആണ് വിവേക് അഗ്നിഹോത്രി ഏറ്റവും ഒടുവിൽ സംവിധാനം ചെയ്‌ത ചിത്രം. ഇന്ത്യയുടെ കൊവിഡ് പോരാട്ടം ആസ്‌പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു ഇത്. എന്നാർ ഈ ചിത്രത്തിന് ബോക്‌സോഫിസിൽ കാര്യമായി തിളങ്ങാനായില്ല. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്‌പുരി, ബംഗാളി, മറാഠി, തെലുഗു, തമിഴ്, കന്നഡ, ഉറുദു എന്നിങ്ങനെ 11 ഭാഷകളിൽ റിലീസ് ചെയ്‌ത ചിത്രം കൂടിയായിരുന്നു 'ദി വാക്‌സിൻ വാർ'.