മുംബൈ : വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും പ്രധാന വേഷത്തിലെത്തിയ പാൻ ഇന്ത്യന്‍ സിനിമ 'ലൈഗറിന്‍റെ ആദ്യദിന ആഗോള കലക്ഷന്‍ 33.12 കോടി. രാജ്യത്തുടനീളം വിപുലമായ പ്രമോഷൻ പരിപാടികളോടെ പ്രദര്‍ശനമാരംഭിച്ച പുരി ജഗന്നാഥിന്റെ ലൈഗറിന് മികച്ച മുൻകൂർ ബുക്കിംഗ് ലഭിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റം ചിത്രത്തിനുണ്ടാക്കാനായില്ലെന്നാണ് വിലയിരുത്തലുകള്‍.
ലൈഗറിന്‍റെ ആദ്യ ദിന ആഗോള കലക്ഷന്‍ 33.12 കോടി - ബോക്സ് ഓഫീസ്
ലൈഗറിന് ആദ്യ ദിനം 33.12 കോടി രൂപയാണ് ആഗോള കലക്ഷനെന്ന് നിര്‍മാതാക്കളായ ധർമ പ്രൊഡക്ഷൻസ്
ധർമ പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ "The #LigerHuntBegins at the box office on a solid punch on day 1! എന്ന കുറിപ്പോടെയാണ് നിര്‍മാതാക്കള്‍ ആദ്യ ദിന കലക്ഷന്‍ വെളിപ്പെടുത്തിയത്.തന്റെ മകന്‍ ലൈഗറിനെ (വിജയ് ദേവരകൊണ്ടയെ) ദേശീയ എംഎംഎ (മിക്‌സഡ് മാർഷൽ ആർട്‌സ്) ചാമ്പ്യനായി കാണാന്‍ ആഗ്രഹിച്ച് തെലങ്കാനയിൽ നിന്ന് മുംബൈയിലെത്തിയ ബാലാമണിയെ (രമ്യാ കൃഷ്ണൻ) ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. ലൈഗറിലെ തന്റെ കഥാപാത്രത്തിന് വേണ്ടി വിജയ് തായ്‌ലൻഡിൽ ആയോധനകലയില്‍ പരിശീലനം നേടിയിരുന്നു.
ധർമ പ്രൊഡക്ഷൻസിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ അണിയിച്ചൊരുക്കിയ ചിത്രം തെലുങ്കിലും ഹിന്ദിയിലും ഒരേ സമയം ചിത്രീകരിച്ചു. മാത്രമല്ല, ഹിന്ദിയിലും വിജയ് തന്നെയാണ് തന്റെ ഭാഗം ഡബ്ബ് ചെയ്തിട്ടുള്ളത്. അമേരിക്കൻ ബോക്സർ മൈക്ക് ടൈസന്റെ ബോളിവുഡ് അരങ്ങേറ്റം എന്ന രീതിയിലും ചിത്രത്തിന് ശ്രദ്ധ ലഭിച്ചിരുന്നു.