ചെന്നൈ:ഏതൊരു സംവിധായകനും അവരവരുടെതായ രീതിയിൽ ചിത്രീകരിക്കണം എന്ന് ആഗ്രഹമുള്ള ചില സിനിമകളുണ്ടാകും. തമിഴ് സിനിമ സംവിധായകനും, നിർമ്മാതാവുമായ വെട്രിമാരൻ്റെ 15 വർഷത്തെ സ്വപ്‌നമാണ് ഈയിടെ റിലീസായ ‘വിടുതലൈ’ എന്ന ചിത്രം. വെട്രിമാരൻ്റെ സംവിധാനത്തിൽ സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമ തിയേറ്ററുകളിൽ ഗംഭീര പ്രകടനമാണ് കാഴ്‌ച്ചവക്കുന്നത്.
സോഷ്യൽ ഡ്രാമ സിനിമകൾ സംവിധാനം ചെയ്യുന്നതിൽ പേരുകേട്ട സംവിധായകനാണ് വെട്രിമാരൻ. പതിവുപോലെ താൻ മികവ് തെളിയിച്ച ഇതേ മേഖലയിലാണ് സംവിധായകൻ ‘വിടുതലൈ’ എന്ന ചിത്രവും ഒരുക്കിയിരിക്കുന്നത്.
15 വർഷത്തോളം മനസിൽ കൊണ്ടു നടന്നു : നാല് കോടി രൂപ ചിലവിൽ സിനിമ ഒരുക്കാനായിരുന്നു വെട്രിമാരൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇതേ സിനിമ 40 കോടി ബജറ്റിൽ നിർമ്മിക്കാൻ ശേഷിയുള്ള നിർമ്മാതാവിനെയാണ് വെട്രിമാരന് പിന്നീട് ലഭിച്ചത്. ഇത് അദ്ദേഹം പരമാവധി ഉപയോഗപെടുത്തി തൻ്റെ സിനിമ മനോഹരമായി ചിത്രീകരിച്ചിട്ടുമുണ്ട്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രംഗമാണ് റെയിൽ പാളത്തിൽ നിന്നും പാളം തെറ്റി ട്രെയിൻ മറിയുന്നത്.
ഈ ഒരു സീക്വൻസ് ചിത്രീകരിക്കാൻ മാത്രമായി ഏകദേശം 8 കോടി രൂപ ചെലവായെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ പ്രശസ്‌തമായ ഈ രംഗത്തിൻ്റെ മേക്കിങ്ങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. 15 വർഷം വെട്രിമാരൻ മനസില്‍ കൊണ്ടുനടന്ന സിനിമ അതേ രൂപത്തില്‍ തിയേറ്ററിലെത്തിയതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്‍റെ ആരാധകർ.
ഫൈറ്റിങ്ങ് പരിശീലകൻ അപകടത്തിൽ മരിച്ചു: ചെന്നൈക്കടുത്തുള്ള കേളമ്പാക്കത്ത് സെറ്റിട്ടാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. ഈ സീൻ ചിത്രീകരിക്കുന്നതിനിടയിൽ സിനിമയിലെ ഫൈറ്റിങ്ങ് പരിശീലകനായ സുരേഷ് അപകടത്തിൽ മരിക്കുകയും ചെയ്‌തിരുന്നു. വളരെ മികവോടെ ഷൂട്ട് ചെയ്‌ത ഈ രംഗത്തിൽ സിനിമയുടെ കല സംവിധായകൻ ജാക്കിയുടെ കഴിവ് എടുത്ത് കാണിക്കുന്നുണ്ട്.