ഉള്ളും ഉടലുംഉരുക്കഴിച്ച്വെള്ളിത്തിരയില്‍ വേറിട്ട മനുഷ്യരെ വെളിച്ചപ്പെടുത്തിയാണ് ഇന്നസെന്‍റ് അഭിനയചാതുര്യം അടയാളപ്പെടുത്തിയത്. മനസും ശരീരവും കൊണ്ട് തുറന്ന അഭിനയവും എന്നാല്‍ കാല്‍നഖത്തുമ്പുമുതല്‍ തലമുടിനാരറ്റം വരെ ഭാഗമാകുന്ന സൂക്ഷ്മനടനവും ചേര്‍ത്തുവിളക്കപ്പെട്ട പരകായങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ വേഷങ്ങളത്രയും. കഥാപാത്രത്തെ അനായാസം എടുത്തണിഞ്ഞ് അതാവശ്യപ്പെടുന്ന റേഞ്ചിനെ മുഖ-മെയ് വഴക്കങ്ങളിലൂടെ പ്രകാശിപ്പിച്ചാണ് അദ്ദേഹം മലയാളസിനിമയില്‍ മൗലിക ഇടം നേടിയത്.
അഭിനയമെന്ന് ഒട്ടുമേ തോന്നിക്കാത്ത ഭാവപ്രതിഫലനങ്ങളാണ് അദ്ദേഹത്തിന്‍റെ ഓരോ വേഷങ്ങളെയും വേറിട്ട തിലകക്കുറികളായി നിര്‍ത്തുന്നത്. ഒരു വേഷപ്പകര്‍ച്ചയിലെ പലവിധ ജീവിതപ്രകാരങ്ങള്‍ക്ക് ഇത്രമേല്‍ സൂക്ഷ്മ ജീവന്‍ നല്‍കാനാകുമോയെന്ന് അതിശയിപ്പിച്ചവയാണ് ഇന്നച്ചന്‍ കഥാപാത്രങ്ങള്‍. കിലുക്കത്തിലെ കിട്ടുണ്ണി ഇതിന് സാക്ഷ്യം പറയും. അത്യന്തം സാധുവായ, നിഷ്‌കളങ്കനായ വീട്ടുജോലിക്കാരനാണ് കിട്ടുണ്ണി. ഈ വേഷപ്പകര്‍ച്ച ആദിമധ്യാന്തം ഒരേ നിലയാവശ്യപ്പെടുന്നതല്ല. പലവിധ ഉയര്‍ച്ചതാഴ്ചകള്‍ അയാളുടെ ജീവിതരേഖയില്‍ ഉള്ളടങ്ങിയിട്ടുണ്ട്. അതിലെ നാല് അനുഭവങ്ങള്‍ പരിശോധിക്കാം.
1) ടേബിളില്‍ നിരത്തിയ ചിക്കന്‍കറിയും മീന്‍കറിയുമൊന്നും നന്നായില്ലെന്ന് പറഞ്ഞടക്കം പട്ടാളച്ചിട്ടക്കാരനായ തൊഴിലുടമ വീട്ടുജോലിക്കാരനായ കിട്ടുണ്ണിയെ ആട്ടുന്നു
2)ഇല്ലാത്തൊരു ലോട്ടറിയടിയോടുള്ള അദ്ദേഹത്തിന്‍റെ അതിശയവും ഞെട്ടലും ബോധംകെടലും
3) ഉടമയോട് പൊട്ടിത്തെറിച്ച് അത്രനാളും ഉള്ളില്‍ ഉറഞ്ഞുകൂടിയിരുന്ന രോഷമത്രയും അയാള്‍ക്കുമുന്നില്‍ ഉടച്ചുള്ള ഇറങ്ങിപ്പോക്ക്
4) ലോട്ടറിയടിച്ചെന്ന് പറഞ്ഞ് പറ്റിക്കപ്പെട്ടത് തിരിച്ചറിഞ്ഞ് ദൈന്യതയോടെ പഴയ തൊഴിലുടമയുടെ മുന്നില്‍ സാഷ്ടാംഗം മാപ്പപേക്ഷിച്ചെത്തുന്ന രംഗം
ഒരേ കഥാപാത്രത്തന്‍റെ വിവിധ ജീവിതാനുഭവഘട്ടങ്ങളെയാണ് കിട്ടുണ്ണിയിലൂടെ ഇന്നസെന്‍റ് അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന്‍റെ ഗ്രാഫ് ഒരേ താളഭാവങ്ങളിലുള്ളതല്ല. ഒന്നില്‍ നിന്ന് തീര്‍ത്തും വിപരീത ദിശയിലേക്ക് മാറുകയും അതിന്‍റെ നേര്‍ എതിര്‍ഭാവത്തിലേക്ക് തിരികെയെത്തുകയും ചെയ്യുന്ന തരത്തിലുള്ള മലകയറ്റ ഇറക്കങ്ങള്‍ ചേര്‍ന്നതാണ് ആ വേഷപ്പകര്‍ച്ച. ഒരേ വേഷത്തിലെ ആരോഹണ അവരോഹണ ഘട്ടങ്ങള്‍ ഇടറാതെ ഇഴയാതെ അവതരിപ്പിക്കുകയെന്നത് എളുപ്പമല്ല. എന്നാല്‍ വഴുതലുകളില്ലാതെ ആ കഥാപത്രത്തെ ഉടലോടുമുള്ളോടുംകെട്ടി അവതരിപ്പിക്കുകയായിരുന്നു ഇന്നസെന്‍റ്.
അത്രമേല്‍ മികവോടെ മറ്റാര്‍ക്കെങ്കിലും കിട്ടുണ്ണിയെ അവതരിപ്പിക്കാനാകുമോയെന്ന് നമ്മുടെ മുന്നില്‍ ദൃഷ്ടാന്തങ്ങളില്ല. അത്രമേല്‍ ഹൃദ്യമായി ആ കഥാപാത്രത്തിന്‍റെ ജീവിതസംഘര്‍ഷങ്ങളെ അനുഭവവേദ്യമാക്കാന്‍ ഇന്നസെന്‍റിനായിട്ടുണ്ട്. അതുകൊണ്ടാണ് നിത്യജീവിതത്തില്‍ നിരന്തരം നാം കിട്ടുണ്ണിയെ ഓര്‍മ്മിക്കുകയും അയാളുടെ സംഭാഷണങ്ങളെ, ഭാവങ്ങളെ കടമെടുക്കുകയും ചെയ്യുന്നത്.
ചിരിച്ചങ്ങല കെട്ടി മുന്നേറുമ്പോഴും അയാള്‍ ഇടയ്ക്ക് കണ്ണീര്‍ കിനിയിക്കും. നമ്മുടെ ഉള്ളിലേക്ക് നോക്കാനും ആ കഥാപാത്രത്തിലൂടെ നമ്മെ തന്നെ തിരിച്ചറിയാനും അയാളോളം ഉതകിയ മറ്റൊരു നടനാരുണ്ട്. കാബൂളിവാലയിലെ കന്നാസും മനസിനക്കരയിലെ ചാക്കോ മാപ്പളയും നമ്മെ ഒരേസമയം കുടുകുടാ ചിരിപ്പിക്കുകയും ഇടയ്ക്ക് ഉള്ളുലച്ച് കണ്ണുനനയിക്കുകയും ചെയ്തു. നീലകണ്‌ഠനെയോര്‍ത്ത് ഉരുകിയ വാര്യരും നമ്മുടെ ഹൃദയം ആര്‍ദ്രമാക്കിയ കഥാപാത്രമാണ്.
ഭയവിഹ്വലതകള്‍ അത്രമേല്‍ ഭാവാത്മകമായി;ഭയം, നിരാശ, വെപ്രാളം എന്നീ ഭാവങ്ങളെ അകംപുറം (മനസും ശരീരവും) ഒരിഴപോലും തെറ്റാതെ പ്രതിഫലിപ്പിച്ച പ്രതിഭാവിലാസത്തിന്‍റെ പേരുകൂടിയാണ് ഇന്നസെന്‍റ് എന്നത്. മണിച്ചിത്രത്താഴിലെ ഉണ്ണിത്താനും, ചന്ദ്രലേഖയിലെ ഇരവിക്കുട്ടന്‍പിള്ളയും ഗോഡ്‌ഫാദറിലെ സ്വാമിനാഥനും ഈ ഗണത്തിലെ ഏറ്റവും മികച്ച ദൃഷ്ടാന്തങ്ങളാണ്. ഈ മൂന്ന് കഥാപാത്രങ്ങളുടെ ഉള്ളടക്കത്തിലും ഭയം മുഖ്യ ഘടകമാണ്. മണിച്ചിത്രത്താഴിലെ ഉണ്ണിത്താന് പ്രേതഭയം.
ഗോഡ്‌ഫാദറിലെ സ്വാമിനാഥന്, തനിക്ക് ഭാര്യയും കുട്ടികളും ഉള്ള കാര്യം അഞ്ഞൂറാനും സഹോദരന്‍മാരും അറിയുമോയെന്ന പേടി. ചന്ദ്രയുടെ യഥാര്‍ഥ കാമുകന്‍ അപ്പുക്കുട്ടനല്ലെന്ന ആള്‍മാറാട്ട രഹസ്യം പേറുന്നതിന്‍റെ ഭയമാണ് ഡ്രൈവര്‍ രവിക്ക്. ഒന്നിനൊന്ന് വ്യത്യസ്തമായ സാഹചര്യങ്ങളിലെ ഈ ഭയപ്രകടനങ്ങളെ ഈ മനുഷ്യരില്‍ എത്രമേല്‍ വ്യതിരിക്തമായാണ് ഇന്നസെന്‍റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഈ വേഷപ്പകര്‍ച്ചകളില്‍ നിന്ന് വ്യക്തമാണ്.
നിസ്സഹായാവസ്ഥ അനുഭവ തീവ്രതയോടെ;ജീവിതത്തിലെ നിസ്സഹായാവസ്ഥ സ്വാഭാവികമായ ഒന്നാണ്. അത്തരം ഘട്ടങ്ങള്‍ ഒരു മനുഷ്യായുസ്സില്‍ അനവധി അവസരങ്ങളിലുണ്ടാകും. മത്തായിച്ചനെന്ന നാടകട്രൂപ്പ് നടത്തിപ്പുകാരന്‍റെ പല ഘട്ടങ്ങളിലെയും നിസ്സഹായാവസ്ഥ ആ അനുഭവസാഹചര്യത്തിന്‍റെ ഇഴതെറ്റാതെ അവതരിപ്പിക്കാന്‍ ഇന്നസെന്‍റിനായി. മകനെപ്പോലൊരുത്തന്‍റെ ജീവിതം പിടിവിട്ടുപോകുമ്പോഴൊക്കെയും നേര്‍ചുവടുകളിലേക്കെത്തിക്കാന്‍ നിഴലായി നില്‍ക്കുന്ന ദേവാസുരത്തിലെ വാര്യരും നിസ്സഹായതകളുടെ പലവിധ സന്ദര്‍ഭങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
കുടിയിറക്കപ്പെടുന്നവര്‍ക്കും തെമ്മാടികള്‍ക്കും നടുവില്‍ അകപ്പെട്ടുപോകുന്ന വിയറ്റ്‌നാം കോളനിയിലെ കെകെ ജോസഫും നിസ്സായതയ്ക്ക് മിഴിവേകിയിട്ടുണ്ട്. ചിരിയും കടുപ്പവും കണ്ണിചേര്‍ത്ത കഥാപാത്രങ്ങളും ഇന്നസെന്‍റിന്‍റെ മികവുകൊണ്ട് ശ്രദ്ധേയമായിട്ടുണ്ട്. മിഥുനത്തിലെ ലൈന്‍മാന്‍ കെടി കുറുപ്പ് ഒരം (വെറുപ്പ് തോന്നിപ്പിക്കുന്ന) അനുഭവപ്പെടുത്തുന്ന കഥാപാത്രമാകയാലും അയാള്‍ പലയിടത്തും നമ്മെ ചിരിപ്പിക്കും. അപ്പോഴും അയാള്‍ തന്‍റെ കടുപ്പം തെല്ലും വിടാതെ കഥാപാത്രശരീരത്തോട് ചേര്‍ത്തുപിടിക്കുന്നുണ്ട്.
ഗര്‍വിന്‍റെ തിരയടയാളങ്ങള്‍; പൊന്‍മുട്ടയിടുന്ന താറാവിലെ പണിക്കരും മഴവില്‍ക്കാവടിയിലെ ശങ്കരന്‍കുട്ടി മേനോനും താന്‍പ്രമാണിത്തത്തിന്‍റെ മേലങ്കി ചാര്‍ത്തിയവരായിരുന്നു. ജാതീയമായ വരേണ്യത്വം പേറുന്ന കഥാപാത്രങ്ങള്‍. പ്രണയത്തെ നിരസിക്കുന്ന സദാചാരമേലാളത്തം കയ്യാളുന്നവര്‍. ലാഭേച്ഛയോടെ ജീവത്തെ നോക്കിക്കാണുന്നവര്‍. അവരെ ഏറെ ഒതുക്കത്തോടെ ഇന്നസെന്‍റ് അഭ്രപാളിയില്‍ കോറിയിട്ടു. അക്കാലത്തും സജീവമായ നര്‍മകഥാപാത്രങ്ങളുമായി ഇന്നസെന്‍റ് തിരശ്ശീലയില്‍ നിറഞ്ഞുനില്‍പ്പുണ്ടായിരുന്നു. അപ്പോഴും ഗൗരവകഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിക്കുമ്പോള്‍ ആളുകള്‍ക്ക് തെല്ലും ആശയക്കുഴപ്പമനുഭവപ്പെട്ടില്ല. രണ്ടുതരം കഥാപാത്രങ്ങളും ആവശ്യപ്പെടുന്ന പാത്രവിനിമയമാണ് അദ്ദേഹം സാധ്യമാക്കിയത്. ആ താരശരീരം പ്രകടമാക്കിയ കടുപ്പത്തെയും ലാളിത്യത്തെയും മലയാളി ഹൃദയത്തിലേറ്റു.
ആര്‍ത്തുചിരിപ്പിച്ച 'പ്രകടനപരത' ; ഡോക്ടര്‍ പശുപതിയില്‍ ആ പേരില്‍ തന്നെയുള്ള കഥാപാത്രവും അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ മഞ്ചാടി മാമച്ചനും പ്രാഞ്ചിയേട്ടനിലെ വാസുമേനോനും സ്വയം പൊങ്ങികളാണ്. നരേന്ദ്രന്‍മകന്‍ ജയകാന്തന്‍ വകയിലെ ജോണി വെള്ളിക്കാലയും കല്യാണരാമനിലെ പോഞ്ഞിക്കര കേശവനും ക്രോണിക് ബാച്ചിലറിലെ കുരുവിളയും പ്രകടനപരതകൊണ്ട് അതിജീവിക്കാന്‍ ശ്രമിക്കുന്നവരും. ആ വേഷങ്ങള്‍ മലയാളിയെ ഇന്നും കുടുകുടാ ചിരിപ്പിക്കുന്നു. മലയാളിയുടെ പൊങ്ങച്ചഭാവങ്ങളെ പൊളിച്ചടുക്കുന്നു. തന്നിലെ പൊള്ളത്തരങ്ങളിലേക്ക് ഉള്ളുതുറന്ന്, കണ്ണുതുറന്ന് നോക്കൂവെന്ന് ആ കഥാപാത്രങ്ങള്‍ പറയുന്നു.
ജീവിതാനുഭവസാക്ഷ്യങ്ങള്‍ ഒരു മനുഷ്യനിലെ കലാകാരനെ വിശേഷിച്ച് അഭിനേതാവിനെ പരുവപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്. പഴയകാല തീപ്പെട്ടിക്കമ്പനിയനുഭവങ്ങള്‍ മുതല്‍ കൗണ്‍സിലറായുള്ള രാഷ്ട്രീയ ജീവിതവമടക്കമുള്ളവ അയാളുടെ തിരശ്ശീലയിലെ വേഷപ്പകര്‍ച്ചകളെ സ്വാധീനിച്ചിട്ടുണ്ട്. എഴുതപ്പെട്ട കഥാപാത്രത്തിന് ജീവന്‍ നല്‍കി ജീവിതാനുഭവങ്ങളുടെ മൂശയിലാണ് അവയെ ഇന്നസെന്‍റ് മുക്കിയെടുത്തത്. അതിജീവനവഴിയിലെ അവിസ്മരണീയതകള്‍വച്ചാണ് അദ്ദേഹം അവയെ രാകിമിനുക്കിയത്. കാലങ്ങളെ തോല്‍പ്പിച്ച് ആ ചിരിയങ്ങനെ മായാതെ തുടരും.