ബോളിവുഡ് യുവതാരനിരയിൽ ശ്രദ്ധേയരായ വരുണ്‍ ധവാനും (Varun Dhawan ) ജാൻവി കപൂറും (Janhvi Kapoor) ഒന്നിക്കുന്ന ചിത്രം 'ബവാലിന്‍റെ' ട്രെയിലര്‍ (Bawaal Official Trailer) പുറത്തുവിട്ടു. നിതീഷ് തിവാരി (Nitesh Tiwari) സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 21ന് പ്രേക്ഷകരിലേക്ക് എത്താനിരിക്കെയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് (Prime Video India) ചിത്രത്തിന്‍റെ റിലീസ്.
രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ട്രെയിലർ രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രണയവും സ്‌നേഹ ബന്ധങ്ങളുമാണ് ചിത്രീകരിക്കുന്നത്. ഒരു കോൺസെൻട്രേഷൻ ക്യാമ്പിലെ ഹൃദയ സ്‌പർശിയായ മോണോക്രോമാറ്റിക് രംഗവും ട്രെയിലറില്‍ കാണാം. ജാൻവി കപൂറും വരുൺ ധവാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ബവാൽ'.
ചിത്രം പ്രണയ കഥയാകും പറയുന്നതെന്ന് നേരത്തെ പുറത്തുവിട്ട ടീസറില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍, കുറച്ചുകൂടി ഗൗരവമേറിയ തലത്തിലേക്ക് കൂടിയാണ് ട്രെയിലർ വെളിച്ചം വീശുന്നത്. വരുണ്‍ ധവാനും ജാൻവി കപൂറിനുമൊപ്പം ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളും ട്രെയിലറില്‍ വന്നുപോകുന്നു.
ആമസോൺ പ്രൈം വീഡിയോ അവരുടെ ഔദ്യോഗിക പേജില്‍ ട്രെയിലർ പങ്കുവെച്ചിട്ടുണ്ട്. ഈ ആധുനിക കാലത്തെ പ്രണയകഥയിൽ ലോകമഹായുദ്ധത്തിന്‍റെ സാന്നിധ്യം കാഴ്‌ചക്കാരിൽ കൗതുകം ഉണർത്തുകയാണ്. ഹിറ്റ്‌ലറുടെ പരാമർശവും യുദ്ധത്തിന്‍റെ വിപുലീകൃത ഷോട്ടുകളും ട്രെയിലറില്‍ കാണാം. എന്നിരുന്നാലും, ഒരു റോം-കോമിലെ യുദ്ധരംഗത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത ഇപ്പോഴും തുടരുകയാണ്. ഏതായാലും പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പ്രണയകഥ തന്നെയാകും 'ബവാൽ' പറയുക എന്നുറപ്പ്.