മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ അജു വർഗീസിന്‍റെ പിറന്നാളാണിന്ന്. താരത്തിനെ ആശംസകൾ കൊണ്ട് പൊതിയുകയാണ് ആരാധകരും സിനിമാലോകവും. ഇതിനിടെ അജുവിനെ തേടി മറ്റൊരു സമ്മാനവുമെത്തി. 'വർഷങ്ങൾക്കു ശേഷം' ടീമാണ് അജു വർഗീസിന് പിറന്നാൾ ദിനത്തിൽ സർപ്രൈസൊരുക്കിയത്.
'ഹൃദയ'ത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്കു ശേഷം' സിനിമയിൽ അജു വർഗീസും പ്രധാന വേഷത്തിലുണ്ട്. ഇപ്പോഴിതാ അജുവിന് പിറന്നാൾ ആശംസകളുമായി പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ (Varshangalkku Shesham Teams' Birthday wishes to Aju Varghese). ചിത്രത്തിലെ നായകന്മാരായ ധ്യാൻ ശ്രീനിവാസന്‍റെയും പ്രണവിന്‍റെയും ജന്മദിനത്തിലും അണിയറക്കാർ ആശംസകളുമായി പോസ്റ്റർ പങ്കുവച്ചിരുന്നു. വീണ്ടുമൊരു ജന്മദിന പോസ്റ്റർ എത്തിയതോടെ ആരാധകരും ഏറെ ആവേശത്തിലാണ്.
സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് അജു വർഗീസ് പോസ്റ്ററിൽ. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് 'വർഷങ്ങൾക്കു ശേഷം' സിനിമയുടെ നിർമാണം. പ്രണവ് മോഹൻലാൽ നായകനായ 'ഹൃദയം' നിർമിച്ചതും ഇതേ പ്രൊഡക്ഷൻ ഹൗസാണ്. അതേസമയം വിനീത് ശ്രീനിവാസൻ തന്നെയാണ് 'വർഷങ്ങൾക്ക് ശേഷം' സിനിമയുടെ തിരക്കഥയും ഒരുക്കിയത്.
ചിത്രത്തിൽ നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വമ്പൻ താരനിരയും ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നു. മെറിലാൻഡ് സിനിമാസ് തന്നെയാണ് 'വർഷങ്ങൾക്ക് ശേഷം' തിയേറ്ററുകളിൽ എത്തിക്കുന്നത്.
വിശ്വജിത്ത് ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവഹിക്കുന്നത് രഞ്ജൻ എബ്രഹാമാണ്. അമൃത് രാംനാഥാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ആർട്ട് ഡയറക്‌ടർ - നിമേഷ് താനൂർ, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് - ബിജിത്ത് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ:'വര്‍ഷങ്ങള്‍ക്കു ശേഷം' ; 'ഹൃദയം' ടീം വീണ്ടും ഒന്നിക്കുന്നു, ഗസ്റ്റ് റോളില്‍ നിവിന്‍ പോളിയും
റംസാൻ - വിഷു റിലീസായി ഏപ്രിൽ മാസം 'വർഷങ്ങൾക്കു ശേഷം' തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. വലിയ ക്യാൻവാസിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ഷൂട്ടിംഗ് നടന്നത്. സെറ്റ് വർക്കുകൾക്ക് മാത്രമായി രണ്ടും മൂന്നും മാസങ്ങളാണ് ചെലവഴിച്ചത് എന്നാണ് വിവരം.