മുംബൈ: മഹാരാഷ്‌ട്രയിലെ പാൽഘറില്‍ ടെലിവിഷൻ താരം തുനിഷ ശർമ മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി കേസിലെ പ്രതിയും മുന്‍ കാമുകനുമായ നടന്‍ ഷീസാൻ മുഹമ്മദ് ഖാൻ. ഡല്‍ഹിയിലെ ശ്രദ്ധ വാക്കര്‍ കൊലപാതകത്തിനുശേഷം രാജ്യത്തുണ്ടായ ചില തെറ്റായ പ്രചാരണങ്ങളില്‍ താന്‍ അസ്വസ്ഥനായിരുന്നു. ഇത് തുനിഷയുമായുള്ള ബന്ധം വേർപിരിയാൻ ഇടയാക്കിയെന്ന് ഷീസൻ മുംബൈ പൊലീസിന് മൊഴി നല്‍കി.
പ്രായവ്യത്യാസം പോലെ തന്നെ മറ്റൊരു സമുദായത്തിൽ പെട്ടവരെന്ന കാരണം കൂടി തങ്ങൾക്ക് മുന്‍പില്‍ തടസമായി ഉണ്ടായിരുന്നു. മുന്‍പ്, തങ്ങൾ വേർപിരിഞ്ഞതിന് പിന്നാലെ തുനിഷ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആ സമയത്ത് താൻ തന്നെയാണ് അവളുടെ ജീവന്‍ രക്ഷിച്ചത്. തുനിഷയുടെ അമ്മയോട് അവളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് താന്‍ പറഞ്ഞിരുന്നെന്നും ഷീസാൻ മുഹമ്മദ് ഖാനെ ഉദ്ദരിച്ച് മുംബൈ പൊലീസിന്‍റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഡിസംബർ 24നാണ് നടിയെ ടെലിവിഷന്‍ ഷൂട്ടിങ് സെറ്റിലെ ശുചിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് രണ്ടാഴ്‌ച മുന്‍പാണ് തുനിഷയും ഷീസനും വേർപിരിഞ്ഞത്.
'ഷീസാനെ വെറുതെ വിടരുത്, മകളെ വഞ്ചിച്ചു':ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി അറസ്റ്റിലായ ഷീസാനെ ഞായറാഴ്‌ച (ഡിസംബര്‍ 25), മഹാരാഷ്‌ട്രയിലെ വസായ് കോടതി, പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, ഗുരുതര ആരോപണവുമായി നടിയുടെ അമ്മ രംഗത്തെത്തി. 'എന്‍റെ മകളെ ഷീസാൻ ഖാൻ ഉപയോഗിക്കുകയും വഞ്ചിക്കുകയുമായിരുന്നു. തുനിഷയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. അവളെ വിവാഹം കഴിക്കാമെന്ന് ഉറപ്പും നൽകിയിരുന്നു. എന്‍റെ മകളുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോവുന്നതിനിടെ അയാൾ മറ്റൊരു സ്‌ത്രീയുമായി അടുപ്പത്തിലായിരുന്നു. മൂന്ന്, നാല് മാസത്തോളം എന്‍റെ മകളെ അവന്‍ ഉപയോഗിച്ചു. ഷീസാന് ശിക്ഷ ഉറപ്പുവരുത്തണം. അവനെ വെറുതെ വിടരുത്, എനിക്ക് എന്‍റെ കുട്ടിയെയാണ് നഷ്‌ടപ്പെട്ടത്'- തുനിഷയുടെ അമ്മ മാധ്യമങ്ങളോട് വൈകാരികമായി പ്രതികരിച്ചു.