വിജയ് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. താരം നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വന്നു. 'ദളപതി 68' എന്ന താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലായി. വിജയ്‌യുടെ കരിയറിലെ 68-ാമത് ചിത്രത്തിന് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം' എന്നാണ് പേര് നൽകിയിരിക്കുന്നത് (The Greatest of All Time; Vijay's 68th film title, first look released).
വെങ്കട് പ്രഭുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നിർമാണം എ ജി എസ് എന്‍റർടെയിൻമെന്‍റ്. ഈ പ്രൊഡക്ഷൻ ഹൗസിന്‍റെ 25-ാം ചിത്രമാണിത്. ടെെം ട്രാവൽ ചിത്രമായിരിക്കും 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം' എന്നാണ് സൂചനകൾ.
വിജയ്‌ക്കൊപ്പം ശാന്ത്, പ്രഭുദേവ, ജയറാം, അജ്‌മൽ അമീർ, മോഹൻ, യോഗി ബാബു, വി ടി വി ഗണേഷ്, മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ഇവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും അണിനിരക്കുന്നു.
'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെ'മിന് സംഗീതം പകരുന്നത് യുവൻ ശങ്കർ രാജയാണ്. സിദ്ധാർത്ഥ് നൂനി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് വെങ്കട് രാജൻ ആണ്. സംഘട്ടന സംവിധാനം ദിലീപ് സുബ്ബരായനും നിർവഹിക്കുന്നു. രാജീവൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ.
ബോക്‌സ് ഓഫിസിൽ തരംഗം സൃഷ്‌ടിച്ച, ബ്ലോക്ക്‌ബസ്റ്റർ ചിത്രം ലിയോയ്‌ക്ക് ശേഷമുള്ള വിജയ്‌യുടെ സിനിമയാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം'. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയിലാണ് വിജയ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ലിയോ അദ്ദേഹത്തിന്‍റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമായിരുന്നു (LCU -Lokesh Cinematic Universe).
തൃഷയാണ് ഈ ചിത്രത്തിൽ നായികയായി എത്തിയത്. വർഷങ്ങൾക്കിപ്പുറമുള്ള വിജയ് - തൃഷ കൂട്ടുകെട്ടിന്‍റെ ഓൺസ്‌ക്രീൻ പുനഃസമാഗമം കൂടിയായിരുന്നു ലിയോയിലൂടെ സാധ്യമായത്. 'കുരുവി', 'ഗില്ലി', 'തിരുപാച്ചി', 'ആതി' തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ശേഷമാണ് 'ലിയോ'യിലൂടെയാണ് തൃഷയും വിജയ്‌യും വീണ്ടും ഒന്നിച്ചത്.
ബോളിവുഡ് നടൻ സഞ്ജയ് ദത്തും സുപ്രധാന വേഷത്തില്‍ എത്തിയ സിനിമയില്‍ ഗൗതം മേനോൻ, അർജുൻ സർജ, മിഷ്‌കിൻ, മലയാളി താരം മാത്യു തോമസ്, പ്രിയ ആനന്ദ്, ജനനി, സാൻഡി, അഭിരാമി വെങ്കിടാചലം, ബാബു ആന്‍റണി തുടങ്ങി നിരവധി താരങ്ങളും അണിനിരന്നു. 'ലിയോ'യ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്.
സെവൻ സ്‌ക്രീൻ സ്‌റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് നിർമിച്ച ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചത്. ഡ്രീം ബിഗ് ഫിലിംസ് ആയിരുന്നു 'ലിയോ'യുടെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ.
ALSO READ:ഒടുവിൽ അക്കാര്യത്തിൽ തീരുമാനമായി ; ലിയോ 'ഒറിജിനൽ' ഒടിടി റിലീസ് തീയതി ഇതാണ്