കേരളം

kerala

ETV Bharat / entertainment

'തനിയാവർത്തന'ത്തിന്‍റെ 36 വർഷങ്ങൾ ; മലയാളികളെ ഇന്നും വേട്ടയാടുന്ന ചലച്ചിത്ര ഭാഷ്യം - മമ്മൂട്ടി

സിബി മലയിലിന്‍റെ ആദ്യ സംവിധാന സംരംഭം, ലോഹിതദാസിന്‍റെ ആദ്യ തിരക്കഥ, മമ്മൂട്ടിയുടെ അവിസ്‌മരണീയ അഭിനയ മുഹൂർത്തങ്ങൾ. തനിയാവർത്തനം പിറന്നിട്ട് 36 വർഷങ്ങൾ.

Thaniyavarthanam movie Completed 36 years  Thaniyavarthanam movie  Thaniyavarthanam malayalam movie  Thaniyavarthanam  തനിയാവർത്തനത്തിന്‍റെ 36 വർഷങ്ങൾ  തനിയാവർത്തനം 36 വർഷങ്ങൾ  തനിയാവർത്തനം  സിബി മലയിലിന്‍റെ ആദ്യ സംവിധാന സംരംഭം  sibi Malayils first directorial venture  AK Lohithadas first screenplay  AK Lohithadas Thaniyavarthanam  Thaniyavarthanam directed by Sibi Malayil  Sibi Malayil  ലോഹിതദാസ്  മമ്മൂട്ടി  സിബി മലയിൽ
Thaniyavarthanam

By

Published : Aug 15, 2023, 4:03 PM IST

ചില സിനിമകൾ വീണ്ടും വീണ്ടും കാണാൻ ഇഷ്‌ടപ്പെടുന്നവരാണ് നമ്മൾ. എന്നാൽ ആദ്യ കാഴ്‌ചയിൽ തന്നെ ഏറെ ഇഷ്‌ടപ്പെട്ട എന്നാൽ ഇനി ഒരിക്കലും കാണേണ്ടെന്ന് ഉറപ്പിക്കുന്ന സിനിമകൾ ഉണ്ടാവുമോ?. ഉണ്ടാകുമെന്ന് തന്നെയാകും ഉത്തരം. ഇഷ്‌ടംകൊണ്ട് ആവർത്തിച്ച് കാണാത്ത (കാണാൻ കഴിയാത്ത) സിനിമകൾ, നോവിന്‍റെ കനം ബാക്കിയാക്കുന്ന കഥകൾ, കഥാപാത്രങ്ങൾ. 'തനിയാവർത്തനം' അത്തരമൊരു സിനിമയാണ്. റിലീസ് ചെയ്‌ത് വർഷങ്ങൾ പിന്നിട്ടിട്ടും 'തനിയാവർത്തന'വും ബാലൻ മാഷും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

മലയാളത്തിലെ കള്‍ട്ട് സ്റ്റാറ്റസ് പദവിയുള്ള ചിത്രമാണ് 'തനിയാവര്‍ത്തനം'. ലോഹിതദാസിന്‍റെയും സിബി മലയിലിന്‍റെയും ഉൾച്ചേരലിൽ പിറന്ന ക്ലാസിക്. ഗ്രാമദേശങ്ങളിലെ അന്ധവിശ്വാസങ്ങളും യാഥാസ്ഥിതിക ചിന്തകളും മാനസിക രോഗങ്ങളോടും രോഗികളോടുമുള്ള മനോഭാവവും ഒക്കെയാണ് 'തനിയാവര്‍ത്തനം' പ്രമേയമാക്കിയത്.

'തനിയാവര്‍ത്തനം' കണ്ട് തീർക്കാൻ കഴിയാത്ത കാണികൾ അനേകമാണ്. ഈ സിനിമയും മമ്മൂട്ടി പകരം വയ്‌ക്കാനില്ലാത്ത പകർന്നാട്ടത്തിലൂടെ ഗംഭീരമാക്കിയ ബാലന്‍ മാഷ് എന്ന കഥാപാത്രവും അയാൾ അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും നിസ്സഹായതയും തെല്ലൊന്നുമല്ല കാണികളെ വ്യഥയിലാക്കിയത്. മികച്ച കലാസൃഷ്‌ടി ആയിരുന്നിട്ടും പലരും 'തനിയാവർത്തനം' കാണാൻ മടിക്കുന്നതും ആത്മസംഘര്‍ഷത്തിന്‍റെ ഈ തീരാനോവ് പേറാൻ കഴിയാഞ്ഞിട്ട് തന്നെയാവണം.

'തനിയാവർത്തന'ത്തിന്‍റെ 36 വർഷങ്ങൾ

അരങ്ങേറ്റക്കാരായി ലോഹിതദാസും സിബി മലയിലും : വൈവിധ്യമാർന്ന പ്രമേയങ്ങള്‍ കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തെ ആഴത്തില്‍ സ്‌പർശിക്കുന്ന കഥാപരിസരങ്ങൾ കൊണ്ടും ഇരുപതോളം വര്‍ഷം മലയാള സിനിമയെ ധന്യമാക്കിയ ലോഹിതദാസ്, ജീവിതഗന്ധിയായ ഒട്ടനവധി സിനിമകൾ ഒരുക്കിയ സിബി മലയില്‍, ഇവരുടെ ചിത്രമാണ് 'തനിയാവർത്തനം'. 1987ല്‍ സിബി മലയില്‍ സംവിധാനം ചെയ്‌ത ആദ്യ സിനിമയായ 'തനിയാവർത്തന'ത്തിലൂടെ തന്നെയാണ് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് മലയാള സിനിമാലോകത്തേക്ക് കടന്നുവന്നത്. എംടിയ്‌ക്കും പത്മരാജനും ഭരതനും ശേഷം മലയാള സിനിമയ്‌ക്ക് ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്‌ത എഴുത്തുകാരനാണ് ലോഹിതദാസ്.

തന്‍റെ ആദ്യ തിരക്കഥയായ 'തനിയാവർത്തനത്തിലൂടെ തന്നെ മലയാള ചലച്ചിത്ര ലോകത്ത് പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കാൻ അദ്ദേഹത്തിനായി. 'പാരമ്പര്യമായി' ലഭിച്ച ഭ്രാന്തിന്‍റ അടിയൊഴുക്കില്‍ നിലയില്ലാതെ പിടയുകയാണ് ബാലന്‍മാഷ്. അത്തരമൊരു സിനിമാനുഭവം അന്നോളം മലയാളി കണ്ടിട്ടില്ലായിരുന്നു. യഥാർഥ കഥാപാത്രമായി ബാലൻ മാഷിനെ അനുഭവപ്പെടുത്താൻ മമ്മൂട്ടിക്കും ലോഹിതദാസിനും സിബി മലയിലിനും കഴിഞ്ഞു എന്നതുതന്നെയാണ് ആ ചിത്രത്തിന്‍റെ വിജയവും.

കണ്ണീർ നനവ് ബാക്കിയാക്കുന്ന കഥാമൂഹൂർത്തങ്ങൾ

ബാലൻ മാഷ് : മരത്തേമ്പിളളി തറവാട്ടിലെ പുരുഷന്മാർക്ക് പാരമ്പര്യമായി ഭ്രാന്ത് വരുമെന്നാണ് 'വിശ്വസിച്ചു'പോരുന്നത്. അത് സത്യമാണെന്ന് വിശ്വസിച്ച് ഓരോ തലമുറയും ഭ്രാന്ത് സ്വയം ഏറ്റെടുക്കുകയാണ്. യഥാർഥത്തില്‍ ബാലൻ മാഷിന് ഭ്രാന്തുണ്ടോ? ബാലൻ മാഷിന് ഒരസുഖവും ഇല്ലെന്ന് കാഴ്‌ചക്കാർക്ക് ബോധ്യമുണ്ട്.

എന്നാൽ അയാളുടെ സാധാരണ ചേഷ്‌ടകളില്‍ പോലും മറ്റുള്ളവർ ഭ്രാന്ത് കണ്ടെത്തുകയാണ്. ചുരുക്കത്തില്‍ എല്ലാവരും ചേർന്നാണ് ബാലൻ മാഷിനെ ഭ്രാന്തനാക്കുന്നത്. ഒടുവില്‍ 'പാരമ്പര്യത്തിന്‍റെ ഭ്രാന്ത്' ബാലൻ മാഷിലൂടെയും ആവർത്തിക്കപ്പെടുന്നു. ഒടുക്കം ബാലന്‍റെ ദുരവസ്ഥയില്‍ മനംനൊന്ത് അമ്മ തന്നെ അയാൾക്ക് വിഷം കൊടുക്കുകയാണ്. ബാലൻ മാഷിന്‍റെ മരണ ശേഷം അയാളുടെ മകനും ഇതേ അവസ്ഥ വന്നേക്കുമോ എന്ന കാഴ്‌ചയോടെയാണ് സിനിമയ്‌ക്ക് തിരശ്ശീല വീഴുന്നത്.

അനിഷേധ്യം...ബാലന്‍ മാഷായി മമ്മൂട്ടിയുടെ പകർന്നാട്ടം

തനിയാവർത്തനത്തിന്‍റെ ശേഷിപ്പുകൾ : തിലകൻ, ഫിലോമിന, ബാബു നമ്പൂതിരി, കവിയൂർ പൊന്നമ്മ, സരിത, മുകേഷ്, ആശ ജയറാം, പാർവതി എന്നിങ്ങനെ 'തനിയാവർത്തന'ത്തിലെ ഓരോ അഭിനേതാക്കളും തങ്ങളുടെ ചുമതല ഗംഭീരമായി പൂർത്തീകരിച്ചു. ചങ്ങലയുടെ ബന്ധനത്തിൽ തട്ടിൻപുറത്തെ മുറിയിൽ ഏകാന്ത തടവ് അനുഭവിച്ചുകിടക്കുന്ന ശ്രീധരൻ അമ്മാവനെ ബാബു നമ്പൂതിരി മികവുറ്റതാക്കി. ബാലഗോപാലന്‍റെ അമ്മയായി കവിയൂർ പൊന്നമ്മയും അമ്മാവനായി തിലകനും മുത്തശ്ശിയായി ഫിലോമിനയും അനുജനായി മുകേഷും ഭാര്യയായി സരിതയുമെല്ലാം കാഴ്‌ചവച്ചത് വർണനകൾക്കും അതീതമായ പ്രകടനമാണ്. സാലു ജോർജിന്‍റെ ചിത്രീകരണവും ജോൺസൺ മാഷിന്‍റെ പശ്‌ചാത്തല സംഗീതവും എല്ലാം എടുത്തുപറയേണ്ടതാണ്.

'ബാലൻ മാഷ്'

കഥാന്ത്യത്തില്‍ യഥാർഥത്തില്‍ 'ഭ്രാന്ത്' ആ കുടുംബത്തിലെ മറ്റുള്ളവർക്കാണെന്ന തിരിച്ചറിവ് കാഴ്‌ചക്കാരന് ഉണ്ടാവുന്നു. എന്നിരുന്നാലും ദേവീകോപവും ഭ്രാന്തുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി കേട്ടറിഞ്ഞ മിത്തുകള്‍ ബാലന്‍ മാഷിന്‍റെ ഉള്ളിലുമുണ്ട്. കുടുംബത്തില്‍ ദേവീകോപംമൂലം ഭ്രാന്ത് ആവര്‍ത്തിക്കപ്പെടും എന്നുള്ള അടിസ്ഥാനമില്ലാത്ത കടുത്ത പാരമ്പര്യവാദത്തെ തുറന്നുകാട്ടുന്നതാണ് ചിത്രം. സമൂഹത്തെയും അതിന്‍റെ അന്ധമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും ചിന്തകളെയും എല്ലാമാണ് 'തനിയാവർത്തനം' വിശകലനം ചെയ്യുന്നത്.

പകരംവയ്ക്കാ‌നില്ലാത്ത പകർന്നാട്ടം

1987 ഓഗസ്റ്റിൽ പിറന്ന, മലയാളം കണ്ട എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് 'തനിയാവർത്തനം'. 36 വർഷങ്ങൾക്കിപ്പുറവും ഈ ചിത്രം കാഴ്‌ചക്കാരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. മനസിൽ എന്നും വിങ്ങൽ ആയി നിൽക്കുന്ന ബാലൻ മാഷ് എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയർ ഗ്രാഫില്‍ ഉയർന്നുതന്നെ നിൽക്കും. ലോഹിതദാസിന്‍റെ, സിബി മലയിലിന്‍റെ ഒരിക്കലും മറക്കാത്ത സിനിമയായി 'തനിയാവർത്തനം' സിനിമാ ഭൂപടത്തില്‍ തെളിഞ്ഞുനിൽക്കുമെന്നതില്‍ സംശയമില്ല.

ABOUT THE AUTHOR

...view details