ഹൈദരാബാദ്:പരസ്യങ്ങളിലൂടെ പ്രേക്ഷകമനം കീഴടക്കിയ കൊച്ചുപെൺകുട്ടി, പിന്നീട് സിനിമകളിലും തിളങ്ങി. പറഞ്ഞുവരുന്നത് അവന്തിക വന്ദനപുവിനെ കുറിച്ചാണ്. 'ബ്രഹ്മോത്സവ'ത്തിൽ മഹേഷ് ബാബുവിന്റെ കസിനായും 'രാരണ്ടോയ് വെടുക ചുദ്ദം' എന്ന സിനിമയിൽ തിളങ്ങിയ അവന്തിക വന്ദനപു ഇപ്പോൾ ഹോളിവുഡിലും ചുവടുറപ്പിക്കുകയാണ് (Telugu girl Avantika Vandanapu Now shining as a youth star in Hollywood).
ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ച് സോഷ്യൽ മീഡിയ സെൻസേഷനായി മാറിയിരിക്കുകയാണ് അവന്തിക. ജനിച്ചതും വളർന്നതും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലാണെങ്കിലും അവന്തികയുടെ കുടുംബവേരുകൾ ആഴ്ന്നിറങ്ങിയിട്ടുള്ളത് തെലങ്കാനയിലാണ്. ഹൈദരാബാദ് ആണ് സ്വദേശം.
സോഫ്റ്റ്വെയർ എഞ്ചിനീയറും നിക്ഷേപകനുമാണ് അവന്തികയുടെ അച്ഛൻ ശ്രീകാന്ത്. അമ്മ അനുപമ റെഡ്ഡി അക്കൗണ്ടന്റും റിയൽ എസ്റ്റേറ്റ് ഏജന്റും കൺസൾട്ടന്റുമാണ്. ചെറുപ്പം മുതൽ തന്നെ ക്ലാസിക്കൽ കലകളോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു അവന്തികയ്ക്ക്. അതുകൊണ്ടുതന്നെ മൂന്നാം വയസ് മുതൽ അവൾ നൃത്തവും സംഗീതവും അഭ്യസിച്ച് തുടങ്ങി. സിനിമയിൽ കരിയർ തിരഞ്ഞെടുത്തപ്പോൾ പൂർണപിന്തുണയുമായി മാതാപിതാക്കൾ അവന്തികയ്ക്കൊപ്പം നിന്നു.
ബാലതാരമായി അരങ്ങേറ്റം:നടി മാത്രമല്ല, നർത്തകിയും ഗായികയും മോഡലും കൂടിയാണ് അവന്തിക. നോർത്ത് അമേരിക്കയിൽ നടന്ന ഒരു ഇന്ത്യൻ ടിവി ഡാൻസ് റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം നേടാൻ അവന്തികയ്ക്കായി. ഇതിന് ശേഷമാണ് അവന്തിക സിനിമാലോകത്തേക്ക് എത്തുന്നത്. മഹേഷ് ബാബുവിന്റെ 'ബ്രഹ്മോത്സവം' എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം.
പിന്നീട് 'മനമന്ത', 'പ്രേമം', 'രാരണ്ടോയ് വേദുക ചുദ്ദം', 'ബാലകൃഷ്ണുഡു', 'ഓക്സിജൻ', 'അജ്ഞാതവാസി' തുടങ്ങിയ തെലുഗു - തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. വിവിധ ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്ന് നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും സ്റ്റീരിയോടൈപ്പുകൾക്ക് അതീതമായി വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ചെയ്യാനുള്ള തന്റെ സ്വപ്നത്തിൽ അവൾ ഉറച്ച് നിൽക്കുകയായിരുന്നു. പിന്നീട് ഹോളിവുഡ് എന്ന സ്വപ്നവുമായി തിരികെ യുഎസിലേക്ക് അവന്തിക പറന്നു.
ഹോളിവുഡ് സ്വപ്നവുമായി തിരികെ യുഎസിലേക്ക്:യുഎസിൽ എത്തിയ അവന്തിക അമേരിക്കൻ കൺസർവേറ്ററി തിയേറ്ററിൽ ചേർന്ന് അഭിനയ ക്ലാസുകളിൽ പങ്കെടുത്തു. ആയിടയ്ക്കാണ് ഡിസ്നി ചാനൽ 'സ്പിൻ' എന്ന സിനിമയ്ക്കായുള്ള ഓഡിഷൻ നടത്തുന്നുണ്ടെന്നറിഞ്ഞത്. ഓഡിഷനിൽ പങ്കെടുത്ത അവന്തികയ്ക്ക് മുന്നിൽ ഒരു പുത്തൻ ലോകമാണ് തുറക്കപ്പെട്ടത്.
ഡിജെയിൽ താൽപ്പര്യമുള്ള ഒരു എൻആർഐ യുവതിയുടെ വേഷമാണ് ആ ചിത്രത്തിൽ അവൾ അവതരിപ്പിച്ചത്. അതിന് ഒട്ടേറെ നിരൂപക പ്രശംസ ലഭിക്കുകയും ചെയ്തു. പിന്നാലെ നിരവധി അവസരങ്ങളും അവന്തികയെ തേടിയെത്തി. വിവിധ സീരിയലുകൾ, സിനിമകൾ, ആൽബങ്ങൾ എന്നിവയിലൂടെ അവൾ ആരാധകരെ നേടി.
അടുത്തിടെ 'മീൻ ഗേൾസ്' എന്ന ചിത്രത്തിലും താരം വേഷമിട്ടു. ഈ സിനിമയുടെ വിജയത്തോടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് അവന്തിക. പഠനത്തോടൊപ്പം തന്റെ കരിയറും കെട്ടിപ്പടുക്കുകയാണ് ഇന്നവൾ. ഇതെല്ലാം ഒരു ദിവസം കൊണ്ട് സാധ്യമായതല്ലെന്നും താൻ താണ്ടിയ വഴികൾ എളുപ്പമുള്ളതായിരുന്നില്ലെന്നും നടി പറയുന്നു.