തമിഴ് സിനിമ ലോകത്ത് വലിയ ആരാധക പിന്തുണയുളള സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സൂര്യ. നടിപ്പിന്‍ നായകന്‍റെ മിക്ക സിനിമകളും ആരാധകര്‍ തിയേറ്ററുകളില്‍ ആഘോഷമാക്കാറുണ്ട്. ഫാന്‍സ് തന്നോട് കാണിക്കാറുളള സ്‌നേഹം തിരിച്ചും പ്രകടിപ്പിക്കാറുണ്ട് നടന്‍. ആരാധകരുടെ കല്യാണത്തിനും മറ്റ് വിശേഷാവസരങ്ങളിലും എല്ലാം നേരിട്ടെത്തിയും അല്ലാതെയും ആശംസകള്‍ നേര്‍ന്നിട്ടുണ്ട് സൂര്യ.
തന്നെ സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവരെ സ്വന്തം കുടുംബം പോലെയാണ് നടന്‍ കാണാറുളളത്. അപകടത്തില്‍ മരിച്ച ആരാധകന്‍റെ വീട്ടില്‍ എത്തിയ സൂര്യയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സൂര്യ ഫാന്‍സ് ക്ലബ് നാമക്കല്‍ ജില്ലാ സെക്രട്ടറിയായിരുന്ന 27 വയസുളള ജഗദീഷ് എന്ന ആരാധകന്‍റെ വീട്ടിലാണ് താരം എത്തിയത്.
അകാലത്തില്‍ പൊലിഞ്ഞ ആരാധകന്‍റെ കുടുംബത്തെ വിഷമഘട്ടത്തില്‍ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് നടന്‍. ജഗദീഷിന്‍റെ വീട്ടില്‍ നേരിട്ടെത്തിയ സൂര്യ കുടുംബത്തിന് സഹായം കൈമാറി. അപകടത്തില്‍ പരിക്കേറ്റ ജഗദീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. തുടര്‍ന്ന് മരണവാര്‍ത്ത അറിഞ്ഞ സൂര്യ ആരാധകന്‍റെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ആരാധകന്‍റെ ഫോട്ടോയില്‍ പുഷ്‌പാര്‍ച്ചന നടത്തിയ നടന്‍ അരമണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചു. ആരാധകന്‍റെ ഭാര്യയ്‌ക്ക് ജോലിയും മകളുടെ വിദ്യാഭ്യാസത്തിനുളള സഹായവും ഉറപ്പ് നല്‍കിയാണ് നടിപ്പിന്‍ നായകന്‍ അവിടെ നിന്ന് മടങ്ങിയത്. അപകടത്തില്‍ മരിച്ച ആരാധകന്‍റെ വീട് സൂര്യ സന്ദര്‍ശിച്ച വിവരം ട്വിറ്ററിലുളള നടന്‍റെ ഫാന്‍സ് പേജിലൂടെയാണ് പുറത്തുവന്നത്. ജഗദീഷിന്‍റെ ഫോട്ടോയ്‌ക്ക് മുന്‍പില്‍ വച്ച് പുഷ്‌പാര്‍ച്ചന നടത്തുന്ന സൂര്യയെ ആരാധകര്‍ പുറത്തുവിട്ട ചിത്രത്തില്‍ കാണാം.
'ഏതര്‍ക്കും തുനിന്ദവന്‍' ആണ് നടിപ്പിന്‍ നായകന്‍റെതായി ഒടുവില്‍ റിലീസ് ചെയ്‌ത സിനിമ. പാണ്ഡിരാജ് സംവിധാനം ചെയ്‌ത ചിത്രം തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. പ്രിയങ്ക മോഹനാണ് സൂര്യയുടെ നായികയായി അഭിനയിച്ചത്. നിലവില്‍ സംവിധായകന്‍ ബാല ഒരുക്കുന്ന പുതിയ സിനിമയിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഇതുവരെയും പേരിട്ടില്ലാത്ത ചിത്രം ഇരുപത് വര്‍ഷത്തിന് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 2003ല്‍ പുറത്തിറങ്ങിയ 'പിതാമകന്‍' എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. അടുത്തിടെ സൂര്യയുടെ പ്രൊഡക്ഷന്‍ കമ്പനിയായ 2ഡി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സ് ബോളിവുഡില്‍ തുടക്കം കുറിച്ചിരുന്നു. നടന്‍റെ തന്നെ ബ്ലോക്ക്‌ബസ്റ്റര്‍ ചിത്രമായ സുരറൈ പോട്രിന്‍റെ ഹിന്ദി റീമേക്കാണ് സൂര്യ നിര്‍മ്മിക്കുന്നത്.
സുധ കൊങ്കാര തന്നെ സംവിധാനം ചെയ്യുന്ന സിനിമയില്‍ അക്ഷയ് കുമാര്‍ നായകനാവുന്നു. കമല്‍ഹാസന്‍റെ 'വിക്രം' എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട് സൂര്യ. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത സിനിമ ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.