തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ ആവേശപൂർവം കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന 'കങ്കുവ'. ഇപ്പോഴിതാ ദീപാവലി ദിനത്തിൽ ആരാധകരുടെ ആഘോഷങ്ങൾക്ക് കൂടുതൽ പൊലിമ പകർന്നിരിക്കുകയാണ് 'കങ്കുവ' ടീം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ടാണ് 'കങ്കുവ'യുടെ അണിയറ പ്രവർത്തകർ ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകിയത് (Suriya Starrer Kanguva new poster).
കയ്യിൽ തീപ്പന്തവുമേന്തി നിൽക്കുന്ന നായകനെയാണ് പോസ്റ്ററിൽ കാണാനാവുക. പിന്നിൽ പ്രത്യേകതരം വാദ്യങ്ങളുമായി നിറയെ ആളുകൾ നിൽക്കുന്നതും കാണാം. 'പുരാതനകാലത്തെ പ്രതാപത്തിന്‍റെ വിളക്കുകൾ കൊണ്ട് നിങ്ങളുടെ ദീപാവലിയ്‌ക്ക് പ്രകാശം ചൊരിയുന്നു' എന്ന കാപ്‌ഷനോടെയാണ് കങ്കുവയുടെ പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. വേറിട്ട ലുക്കിലും മട്ടിലും ഭാവത്തിലുമാണ് സൂര്യ കങ്കുവ പോസ്റ്ററിൽ. നിമിഷ നേരം കൊണ്ടുതന്നെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.
സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ഈ ചിത്രം പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുക. പത്ത് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം നിർമിക്കുന്നത് യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി പ്രമോദും സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജയും ആണ്. സൂര്യയുടെ കരിയറിലെ 42-ാമത്തെ ചിത്രം കൂടിയാണ് 'കങ്കുവ'.
ബോളിവുഡ് താരം ദിഷ പടാനിയാണ് സിനിമയിലെ നായിക. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യ മികവോടെയാണ് ടീസർ എത്തിയത്. പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് വീഡിയോയില്‍ സൂര്യ കാഴ്‌ചവച്ചത്. കൈ നിറയെ അടയാളങ്ങളുമായി വാള്‍ പിടിച്ചുനില്‍ക്കുന്ന സൂര്യയുടെ പോസ്റ്ററുകളും കയ്യടി നേടിയിരുന്നു.