ന്യൂഡൽഹി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. 'ആകാശത്തിന് താഴെ' എന്ന ചിത്രത്തിന്‍റെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, ജെ ബി പാർഡിവാല എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി (Supreme Court rejected the petition to cancel the Kerala film award).
ഹർജിയിലെ ആരോപണം തെളിയിക്കാൻ എന്ത് തെളിവാണ് ഉള്ളതെന്ന് ചോദിച്ച കോടതി വിഷയത്തിൽ പൊതു താൽപര്യമില്ലെന്നും വ്യക്തമാക്കി. പുരസ്‌കാര നിർണയം നടന്നത് നിഷ്‌പക്ഷമായല്ലെന്ന് കാണിച്ചാണ് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് കോടതിയെ സമീപിച്ചത് (Lijeesh Mullezhath Petition). എന്നാൽ ആരോപണം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ഹർജിക്കാരൻ സമർപ്പിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
നേരത്തേ ഇതേ ആവശ്യവുമായി ഹൈക്കോടതിയെയും ലിജീഷ് സമീപിച്ചിരുന്നു. എന്നാൽ ആരോപണങ്ങളിൽ തെളിവുകളൊന്നും ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഹർജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം സുപ്രീ കോടതിയെ സമീപിച്ചത്.
അതേസമയം പുരസ്‌കാര നിർണയത്തിലെ ഇടപെടലുകൾ സംബന്ധിച്ച് ജൂറി അംഗങ്ങൾ തന്നെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ കെ എൻ പ്രഭു ചൂണ്ടിക്കാട്ടി. എന്നാൽ, ഹർജിക്കാരൻ അവാർഡ് നിർണയത്തിന്‍റെ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായതാണെന്ന് സുപ്രീംകോടതി വിലയിരുത്തി. ചലച്ചിത്ര അക്കാദമിയും രഞ്ജിത്തും സുപ്രീംകോടതിയിൽ തടസവാദ ഹർജി സമർപ്പിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ സുധി വാസുദേവൻ, അഭിഭാഷകരായ അശ്വതി എം കെ, ശിൽപ്പ സതീഷ് എന്നിവരാണ് ഇവർക്കുവേണ്ടി ഹാജരായത്.