'ആര്‍ആര്‍ആറി'ന് ശേഷം എസ്.എസ് രാജമൗലി എന്ന സംവിധായകന്‍ ഒരു അന്താരാഷ്‌ട്ര ബ്രാന്‍ഡായി തന്നെ ഉയര്‍ന്നു. 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം കൂടി ലഭിച്ചതോടെ രാജ്യാന്തര ശ്രദ്ധ നേടുകയാണ് രാജമൗലി. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് 'നാട്ടു നാട്ടു' ഗാനം പുരസ്‌കാരം നേടിയത്.
നിരവധി രാജ്യങ്ങളില്‍ 'ആര്‍ആര്‍ആര്‍' പ്രദര്‍ശിപ്പിച്ചിരുന്നു. അവിടെയെല്ലാം സംവിധായകന്‍ നേരിട്ടെത്തി കാണികളുമായി സംവദിച്ചു. ഇതിന്‍റെ ചിത്രങ്ങളും രാജമൗലി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതുകൊണ്ട് തന്നെ 'ആര്‍ആര്‍ആറും' അതിലെ ഗാനങ്ങളും ലോക സിനിമാസ്വാദകര്‍ക്ക് സുപരിചിതമാണ്.
യുഎസിലും 'ആര്‍ആര്‍ആര്‍' പ്രദര്‍ശിപ്പിച്ചു. ഇതിനിടെ രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 'ആര്‍ആര്‍ആര്‍' ഒരു ബോളിവുഡ് ചിത്രമല്ല. ഇതൊരു തെലുഗു ചിത്രമാണ്. ദക്ഷിണേന്ത്യയില്‍ നിന്നാണ് ഈ ചിത്രം. ഞാന്‍ അവിടെ നിന്നാണ് വരുന്നതും.