ഒരിടവേളയ്‌ക്ക് ശേഷം സിനിമയിലേയ്‌ക്ക് തിരികെയെത്തി ശ്രീനിവാസന്‍. ശ്രീനിവാസന്‍ മടങ്ങിയെത്തുമ്പോള്‍ കൂടെ അഭിനയിക്കാന്‍ മകന്‍ വിനീത് ശ്രീനിവാസനുമുണ്ട്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കുറുക്കന്‍'. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി.
നവാഗതനായ ജലയാല്‍ ദിവാകരന്‍ ആണ് 'കുറുക്കന്‍റെ' സംവിധാനം. ഷൈന്‍ ടോം ചാക്കോ, സുധീര്‍ കരമന, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, ശ്രീകാന്ത് മുരളി, ശ്രുതി ജയന്‍, ബാലാജി ശര്‍മ, അസീസ് നെടുമങ്ങാട്, ഗൗരി നന്ദ, അശ്വത് ലാല്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് നിര്‍മാണം.
മനോജ് റാം സിങ് ആണ് തിരക്കഥയും സംഭാഷണവും. ജിബു ജേക്കബ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങും നിര്‍വഹിക്കും. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഉണ്ണി ഇളയരാജ ആണ് സംഗീതം.
കൊച്ചിയിലായിരുന്നു 'കുറുക്കന്‍റെ' ചിത്രീകരണം ആരംഭിച്ചത്. 'കുറുക്കന്‍റെ' സെറ്റില്‍ ശ്രീനിവാസന്‍ എത്തിയത് വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. കൊച്ചി സെന്‍റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ ഷൂട്ടിങ് സെറ്റില്‍ മകന്‍ വിനീതിനൊപ്പമായിരുന്നു ശ്രീനിവാസന്‍ എത്തിയത്. ലോക്‌നാഥ് ബഹ്‌റ ആണ് ഐപിഎസ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചത്. സംവിധായകന്‍ എം മോഹന്‍ ഫസ്‌റ്റ് ക്ലാപ്പടിച്ചാണ് 'കുറുക്കന്‍റെ' ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.
സിനിമയിലൂടെ ശ്രീനിവാസന്‍ മടങ്ങിയെത്തിയതിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറയുന്നുണ്ട്.'കുറുക്കന്‍റെ' ചര്‍ച്ച തുടങ്ങിയപ്പോള്‍ മുതല്‍ അച്ഛന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെടാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. 'കുറുക്കന്‍റെ' ചര്‍ച്ച തുടങ്ങിയത് മുതല്‍ അച്ഛന്‍റെ ആരോഗ്യമായിരുന്നു എല്ലാവരും നോക്കിയിരുന്നത്. അതുകൊണ്ടാണ് ചിത്രീകരണം തുടങ്ങാന്‍ വൈകിയതും. അഭിനേതാക്കള്‍ എല്ലാവരും അതിനോട് സഹകരിച്ചു.
അച്ഛന്‍റെ ആരോഗ്യാവസ്ഥയില്‍ നല്ല മാറ്റമുണ്ട്. സിനിമ തന്നെയാണ് അച്ഛന് വേണ്ട ഏറ്റവും നല്ല മെഡിസിന്‍. ഇവരൊക്കെ ജോലി ചെയ്‌ത് ശീലിച്ചവരാണ്. വെറുതെ ഇരുന്നിട്ടില്ല ഇതുവരെ. സിനിമയുടെ തിരക്കിലേക്ക് മാറിയാല്‍ അദ്ദേഹം ഫുള്‍ ഓണ്‍ ആയി പഴയതു പോലെ തിരിച്ചെത്തും' -ഇപ്രകാരമായിരുന്നു വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.
അതേസമയം തന്‍റെ വിവാഹ വാര്‍ഷിക ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റുമായി വിനീത് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. 'മാര്‍ച്ച് 31. ഞാനും ദിവ്യയും പ്രണയിക്കാൻ തുടങ്ങിയിട്ട് ഇന്നേയ്‌ക്ക് 19 വർഷം തികയുകയാണ്. എന്‍റെ ജീവിതത്തിന്‍റെ വലിയൊരു ഭാഗം, എന്‍റെ ഓർമ്മകൾ എല്ലാം അവളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങൾ കൗമാരത്തിൽ കണ്ടുമുട്ടുകയും അന്നു മുതൽ ഒരുമിച്ചു നിൽക്കുകയും ചെയ്യുന്നു.
തികച്ചും വ്യത്യസ്‌തരായ രണ്ട് ആളുകൾക്ക് ഇതുപോലെ ഒരുമിച്ചു സഞ്ചരിക്കാൻ കഴിയുക എന്നത് അതിശയകരമാണ്. ഞാൻ ശാന്ത പ്രകൃതനാണെങ്കിൽ ഇവൾ നേരെ തിരിച്ചാണ്. ദിവ്യ വെജിറ്റേറിയൻ ആണ്. എനിക്കാണെങ്കിൽ നോൺ വെജ് ഇല്ലാതെ ഒരു ദിവസം പോലും പറ്റില്ല. അവൾ അടുക്കും ചിട്ടയും ഉള്ള ആളാണ്. പക്ഷേ ഞാൻ നേരെ വിപരീതവും. അവൾ ത്രില്ലറുകൾ ഇഷ്‌ടപ്പെടുമ്പോള്‍ എന്‍റെ പ്ലേ ലിസ്‌റ്റില്‍ ഫീൽ ഗുഡ് സിനിമകളാണ്.
ചില രാത്രികളിൽ ഞാൻ കണ്ണടച്ച് ഉറങ്ങുന്നതായി നടിക്കുമ്പോള്‍ ദിവ്യ എന്നോടു പറയും, സ്വയം സമ്മര്‍ദ്ദം ചെലുത്തരുതെന്നും ദയവായി വിനീത് ഉറങ്ങാന്‍ ശ്രമിക്കൂവെന്നും. അപ്പോള്‍ ഞാന്‍ അവളോട് ചോദിക്കും, ഞാന്‍ ഉറങ്ങുകയല്ലെന്ന് നിനക്കെങ്ങനെ അറിയാം? അവള്‍ പറയും, നിങ്ങള്‍ ശ്വസിക്കുന്ന രീതിയില്‍ നിന്നും. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശ്വാസത്തിന്‍റെ താളം തികച്ചും വ്യത്യസ്‌തമാണ്. ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും അവള്‍ ശ്രദ്ധിക്കുന്നു. വിവാഹ വാര്‍ഷിക ആശംസകള്‍ ദിവ്യ.' -ഇപ്രകാരമായിരുന്നു വിനീത് ശ്രീനിവാസന്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
Also Read:19ാം വയസ്സില്‍ കണ്ടുമുട്ടി; ഇന്ന് 19ാം പ്രണയ വാര്‍ഷികം; ഭാര്യയ്‌ക്ക് ആശംസകള്‍ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍