തേജസജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമാണ് 'ഹനുമാൻ'. ജനുവരി 12ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്‌ട്രിബ്യൂഷൻ പാർട്‌ണർ.
ഇതിനിടെ ചിത്രത്തിലെ പുതിയ ഗാനവും പുറത്തുവന്നു. 'ശ്രീരാമദൂത സ്‌തോത്രം' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഗൗരഹരി, അനുദീപ് ദേവ്, കൃഷ്‌ണ സൗരഭ് എന്നിവർ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സായി ചരൺ ഭാസ്‌കരുണി, ലോകേശ്വർ എദാര, ഹർഷവർദ്ധൻ ചാവലി എന്നിവർ ചേർന്നാണ്.
നേരത്തെ പുറത്തുവന്ന ചിത്രത്തിലെ മറ്റ് മൂന്ന് ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നാലാമത്തെ സിംഗിളായ 'ശ്രീരാമദൂത സ്‌ത്രോത്ര'വും പ്രേക്ഷക ഹൃദയം കീഴടക്കുകയാണ്. അതേസമയം തെലുഗു, ഹിന്ദി, മറാഠി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്‌പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി 11 ഭാഷകളിലാണ് 'ഹനുമാൻ' പ്രേക്ഷകർക്ക് മുന്നിലെത്തുക.
ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന 'ഹനുമാൻ' പ്രൈം ഷോ എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമിക്കുന്നത്. ഇതിഹാസ കഥയായ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സംവിധായകൻ പ്രശാന്ത് വർമ്മ ചിത്രം ഒരുക്കിയത്. ഒരു ഫാന്‍റസി ലോകത്തേക്ക് കാണികളെ കൈപിടിച്ച് കൊണ്ടുപോകുന്ന 'ഹനുമാൻ' പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രം കൂടിയാണ്.
'അഞ്ജനാദ്രി' എന്ന സാങ്കൽപ്പിക സ്ഥലത്തെ കേന്ദ്രമാക്കിയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയിലറും ശ്രദ്ധ നേടിയിരുന്നു. അത്ഭുതകരമായ ഒരു പ്രപഞ്ചമാണ് പ്രേക്ഷകർക്കായി പ്രശാന്ത് വർമ്മ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ട്രെയിലർ.