സോഷ്യൽ ഡ്രാമാ സിനിമകൾക്ക് പേരുകേട്ട സംവിധായകൻ: തൻ്റെ സോഷ്യൽ ഡ്രാമാ സിനിമകൾക്ക് പേരുകേട്ട സംവിധായകനാണ് വെട്രിമാരൻ. വട ചെന്നൈ, അസുരൻ എന്നിങ്ങനെയുള്ള അദ്ദേഹത്തിൻ്റെ സിനിമകൾ അതിനുദാഹരണമാണ്. അസുരൻ എന്ന തൻ്റെ സൂപ്പർ ഹിറ്റ് ബളോക്ക് ബസ്റ്റർ സിനിമക്ക് ശേഷം വെട്രിമാരൻ ഒരുക്കുന്ന സിനിമയാണ് വിടുതലൈ. അസുരനെപ്പോലെ തന്നെ ഒരു സോഷ്യൽ ഡ്രാമയായിട്ടാണ് വെട്രിമാരൻ ഈ സിനിമയും ഒരുക്കുന്നത്. തൻ്റെ മറ്റു സിനിമകൾ പോലെ തന്നെ സമൂഹത്തിലെ താഴെകിടയിലെ മനുഷ്യരുടെ ജീവിത്തെ പ്രധിപാതിച്ചു കൊണ്ടുള്ളതാണ് സിനിമയുടെ ട്രെയിലറിൽ വ്യക്തമാണ്.
തമിഴിൽ കോമഡി കഥാപാത്രങ്ങൾ ചെയ്‌തു പോന്നിരുന്ന സൂരിയുടെ ആദ്യത്തെ നായകകഥാപാത്രമാണ് വിടുതലൈയിലേത്. സൂപ്പർ സ്റ്റാർ വിജയ് സേതുപതി വില്ലൻ വേഷത്തിലാണ് സിനിമയിൽ എത്തുന്നത്. തമിഴ് നാട്ടിലെ മലയോര ഗ്രാമപ്രദേശങ്ങളിൽ നടന്നിട്ടുള്ള വ്യത്യസ്‌ത പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. രണ്ടു ഭാഗങ്ങളായി തീയറ്ററുകളിൽ എത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിൻ്റെ ട്രെയിലറാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് സിനിമയുടെ നിർമാണം നിർവഹിക്കുന്നത്.
'മക്കൾ പടൈ'എന്ന ജനകീയ സേനയും ഒരു ബറ്റാലിയൻ പൊലീസും: 2.42 മിനിറ്റ് ദൈർഘ്യമുള്ള ‘വിടുതലൈ പാർട്ട് 1’ൻ്റെ ട്രെയിലറിൽ പ്രേക്ഷകർക്ക് ഒരു ഗംഭീര തീയറ്റർ വിരുന്ന് ഒരുങ്ങുന്നുണ്ട് എന്ന കാര്യം വ്യക്തമാണ്. സ്ത്രീകൾക്കും അടിച്ചമർത്തപ്പെട്ടവർക്കും എതിരായ അതിക്രമങ്ങൾ തടയാൻ രൂപീകരിച്ച 'മക്കൾ പടൈ'എന്ന ജനകീയ സേനയും ഒരു ബറ്റാലിയൻ പോലീസുകാരും തമ്മിലുള്ള കടുത്ത പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് കഥ എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.