അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാദിനം നാമം ജപിച്ചും വിളക്കുകൊളുത്തിയും ആചരിക്കണമെന്നുള്ള ഗായിക കെ എസ് ചിത്രയുടെ ആഹ്വാനം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ചിത്രയുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും സൈബര്‍ ലോകത്ത് നിരവധിപേരാണ് വാക്‌പോരിലേർപ്പെട്ടത്. ഇക്കൂട്ടത്തിൽ കലാലോകത്തുനിന്ന് കേട്ട വിമര്‍ശന സ്വരങ്ങളിൽ പ്രധാനപ്പെട്ടത് ഗായകന്‍ സൂരജ് സന്തോഷിന്‍റേതായിരുന്നു.
ഇനിയും എത്ര വിഗ്രഹങ്ങള്‍ ഉടയാന്‍ കിടക്കുന്നു എന്നായിരുന്നു സൂരജ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്‌തുത സൗകര്യപൂര്‍വം മറക്കുന്നുവെന്നും കെ എസ് ചിത്രയെ പോലുള്ള കപട മുഖങ്ങള്‍ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നും സൂരജ് സന്തോഷ് പറഞ്ഞിരുന്നു. പിന്നാലെ സൂരജിനെതിരെയും കടുത്ത സൈബര്‍ ആക്രമണമാണ് ഒരു വിഭാഗത്തിൽ നിന്നും ഉണ്ടായത് (Singer Sooraj santhosh facing cyber attacks).
ഇപ്പോഴിതാ താൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് യുവ ഗായകൻ. ഫേസ്‌ബുക്കിലൂടെ ആയിരുന്നു സൂരജിന്‍റെ പ്രതികരണം. "കഴിഞ്ഞ രണ്ട് ദിവസങ്ങളായി അവസാനമില്ലാത്ത സൈബര്‍ ആക്രമണത്തിന്‍റെ ഇരയാണ് ഞാന്‍. ഞാനിത് മുന്‍പും നേരിട്ടിട്ടുണ്ട്.
എന്നാൽ ഇത്തവണ അത് എല്ലാ പരിധികളും കടന്ന് കൂടുതല്‍ ക്രൂരവും മര്യാദ കെട്ടതുമായിരിക്കുന്നു. എന്തായാലും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും എതിരെ ഞാന്‍ നിയമ നടപടി സ്വീകരിക്കും. അതേസമയം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ കരുത്തുറ്റ പിന്തുണ എനിക്ക് പ്രതീക്ഷയും ധൈര്യവും പകരുന്നുണ്ട്. നീതിക്കുവേണ്ടി നിലകൊള്ളുന്ന നിങ്ങള്‍ ഓരോരുത്തർക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. തളരില്ല. തളർത്താൻ പറ്റുകയും ഇല്ല"- സൂരജ് സന്തോഷിന്‍റെ വാക്കുകൾ ഇങ്ങനെ.
സൂരജ് നേരത്തെ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി: 'ഹൈലൈറ്റ് എന്താണെന്നുവച്ചാല്‍, സൗകര്യപൂര്‍വം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്‌തുത സൈഡിലേക്ക് മാറ്റി വച്ചിട്ട് ലോകാ സമസ്‌താ സുഖിനോ ഭവന്തുവെന്നൊക്കെ പറയുന്ന ആ നിഷ്‌കളങ്കതയാണ്. വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെ എസ് ചിത്രമാര്‍ തനി സ്വരൂപം കാട്ടാന്‍ ഇരിക്കുന്നു, കഷ്‌ടം...പരമ കഷ്‌ടം'.
READ MORE:അയോധ്യ; ഗായിക ചിത്രയുടെ നിലപാടിനെ ശക്തമായി അനുകൂലിച്ചും പ്രതികൂലിച്ചും സൈബര്‍ പോര്
അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠാ ചടങ്ങ് നടക്കുന്ന ദിവസം ഉച്ചയ്‌ക്ക് 12.20 ന് എല്ലാവരും 'ശ്രീരാമ, ജയ രാമ, ജയ ജയ രാമ' മന്ത്രം ജപിക്കണമെന്നാണ് ഗായിക ചിത്ര ഹ്രസ്വ വീഡിയോയിൽ ആവശ്യപ്പെടുന്നത്. അന്നേ ദിവസം വൈകുന്നേരം വീടുകളിൽ അഞ്ച് തിരി വിളക്കുകൾ കത്തിക്കാനും ഗായിക ആവശ്യപ്പെടുന്നുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് ചിത്ര നേരിടുന്നത്. ഒപ്പം ഗായികയെ പിന്തുണച്ചും നിരവധി പേർ എത്തുന്നുണ്ട്.