തമിഴ് യുവ താരനിരയില്‍ ശ്രദ്ധേയനായ ശിവകാർത്തികേയന്റെ (Sivakarthikeyan) ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം 'മാവീരൻ' (Maaveeran) പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക്. തിയേറ്ററുകളില്‍ വിജയം കൊയ്ത ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം 11 മുതൽ മാവീരൻ സ്ട്രീമിങ് ആരംഭിക്കും.
മഡോണി അശ്വിനാണ് (Madonne Ashwin) പൊളിറ്റിക്കല്‍ ഫാന്റസി ആക്ഷൻ ചിത്രമായ 'മാവീരൻ' തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. തെന്നിന്ത്യൻ സിനിമ ലോകത്ത് വലിയ ജനപിന്തുണയുള്ള താരങ്ങളില്‍ ഒരാളായ ശിവകാർത്തികേയന്റെ ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'മാവീരൻ'. റിലീസായി വളരെ പെട്ടെന്ന് തന്നെ 50 കോടി ക്ലബില്‍ ഇടം നേടാൻ ഈ ശിവകാര്ത്തികേയൻ ചിത്രത്തിനായി. മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന് ഏറെ ഗുണം ചെയ്തു.
സംവിധായകൻ എസ് ശങ്കറിന്റെ മകള്‍ അദിതിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. സംവിധായകൻ മിഷ്കിന് ആയിരുന്നു ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്തത്. പതിവ് റൊമാന്റിക് ട്രാക്കിൽ നിന്നും ഗതിമാറ്റിയ ശിവകാർത്തികേയന്റെ വേറിട്ട പ്രകടനവും വ്യത്യസ്തമായ ലുക്കും കയ്യടി നേടിയിരുന്നു.
മാവീരൻ എന്ന സൂപ്പർഹീറോ കഥാപാത്രത്തെ വരയ്ക്കുന്ന കാർട്ടൂണിസ്റ്റിന്റെ വേഷത്തിലാണ് ശിവകാർത്തികേയൻ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. വിധു അയ്യണ്ണ ഛായാഗ്രാഹകനായ ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ചത് ഭരത് ശങ്കറാണ്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാംതന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.