തമിഴ് സൂപ്പര്‍ താരം ശിവകാര്‍ത്തികേയന്‍റെ പ്രൊഡക്ഷന്‍ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ നായികയായി മലയാളി താരം എത്തുന്നു. 'കൊട്ടുകാളി' എന്ന് പേരിട്ടിരിക്കുന്ന തമിഴ് ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായിക. ഇക്കാര്യം ശിവകാര്‍ത്തികേയന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
'കൊട്ടുകാളി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും താരം പങ്കുവച്ചിട്ടുണ്ട്. അന്ന ബെന്നിനെ കൂടാതെ സൂരിയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പി.എസ് വിനോദ് രാജാണ് സിനിമയുടെ സംവിധാനം.
കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ 'കൂഴങ്കള്‍' ഒരുക്കിയ സംവിധായകനാണ് പിഎസ് വിനോദ് രാജ. റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരവും 'കൂഴങ്കളിന് ലഭിച്ചിരുന്നു. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്‍റെ ആറാമത്തെ പ്രോജക്‌ടാണ് 'കൊട്ടുകാളി'.
ബി.ശക്‌തിവേലാണ് ഛായാഗ്രഹണം. ഗണേഷ് ശിവ എഡിറ്റിംഗും നിര്‍വഹിക്കും. കലൈ അരസ് ആണ് സിനിമയുടെ സഹ നിര്‍മാണം.
'മാവീരന്‍' ആണ് ശിവകാര്‍ത്തികേയന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമ. മഡോണി അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംവിധായകന്‍ എസ് ഷങ്കറിന്‍റെ മകള്‍ അദിതി ശങ്കറാണ് നായിക. ഭരത് ശങ്കര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
അതേസമയം 'പ്രിന്‍സ്' ആണ് ശിവകാര്‍ത്തികേയന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഒരു കോമഡി റൊമാന്‍റിക്കായി ഒരുങ്ങിയ സിനിമയുടെ സംവിധാനം അനുദീപ് കെ.വിയാണ്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന ഒരു തമിഴ് ടൂറിസ്‌റ്റ് ഗൈഡായാണ് ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ വേഷമിട്ടത്.
'അയലാന്‍' എന്ന സിനിമാണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്നത്. ആര്‍.രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ആയാണ് ഒരുങ്ങുന്നത്. എ.ആര്‍ റഹ്മാന്‍ ആണ് സിനിമയുടെ സംഗീത സംവിധാനം. കമന്‍ഹാസന്‍ നിര്‍മിക്കുന്ന ഒരു ചിത്രവും ശിവകാര്‍ത്തികേയന്‍റെ പുതിയ പ്രോജക്‌ടുകളിലൊന്നാണ്. രാജ്‌കുമാര്‍ പെരിയസാമിയാണ് സിനിമയുടെ സംവിധാനം.
'കുമ്പളങ്ങി നൈറ്റ്‌സി'ലൂടെയാണ് അന്ന ബെന്നിനെ മലയാളികള്‍ക്ക് സുപരിചിതമാവുന്നത്. 'ഹെലന്‍', 'കപ്പേള' തുടങ്ങി സിനിമകളിലൂടെയും അന്ന ബെന്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചിരുന്നു. കുമ്പളങ്ങി 'നൈറ്റ്‌സാ'ണ് തന്‍റെ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്‌ടമുള്ള ചിത്രമെന്ന് അന്ന ബെന്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.
സിനിമയെ സംബന്ധിച്ചുള്ള തന്‍റെ ചിന്തകള്‍ മാറിയെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അന്ന ബെന്‍ പറഞ്ഞു. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്‌ത 'ഹെലന്‍', 'കപ്പേള' തുടങ്ങീ സിനിമകള്‍ ചെയ്യുമ്പോഴുള്ള മനസല്ല തനിക്കിപ്പോള്‍ ഉള്ളതെന്നും അത് താന്‍ വളരെ ചെറുപ്പത്തില്‍ ചെയ്‌ത സിനിമകളാണെന്നും അന്ന ബെന്‍ പറയുന്നത്.
ഇതൊക്കെ തന്‍റെ തുടക്ക കാലത്തെ ചിത്രങ്ങളാണെന്നും ഇന്ന് ഞാനിവിടെ നിന്നും ഒരുപാട് മുന്നോട്ട് വന്നിരിക്കുന്നുവെന്നും അന്ന ബെന്‍ പറയുന്നു. ഇന്ന് ആ സിനിമകള്‍ കാണുമ്പോള്‍ അങ്ങനെ ചെയ്യാമായിരുന്നു, ഇങ്ങനെ ചെയ്യാമായിരുന്നു എന്നൊക്കെ എനിക്ക് തോന്നുമെന്നും നടി പറയുന്നു. സിനിമയിലെ നിലനില്‍പ്പുമായി ബന്ധപ്പെട്ടുള്ള പോരാട്ടത്തിന്‍റെ ഭാഗമായാണ് ഇത്തരത്തിലുള്ള മാറ്റങ്ങളെന്നും അന്ന ബെന്‍ പറഞ്ഞു.
Also Read:'നസ്രിയയില്‍ നിന്ന് ഒരു കാര്യം മോഷ്‌ടിക്കാന്‍ കഴിഞ്ഞാല്‍ എന്താകും അത്', അന്ന ബെന്നിന്‍റെ മറുപടി