സംഗീത ലോകത്ത് തീരാ വിടവുതീര്‍ത്താണ് കെകെ എന്ന കൃഷ്‌ണകുമാര്‍ കുന്നത്ത് യാത്രയായത്. നടുക്കത്തോടെയാണ് കെകെയുടെ വിയോഗം സംഗീതാസ്വാദകര്‍ കേട്ടത്. പ്രിയ ഗായകനെ അനുസ്‌മരിച്ച് മകള്‍ താമര അടുത്തിടെ ഒരു വൈകാരിക കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
Nakul remembers his father KK: താമരയ്‌ക്ക് പിന്നാലെ സഹോദരന്‍ നകുലും പിതാവിനെ അനുസ്‌മരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. വികാര നിര്‍ഭരമായ കുറിപ്പാണ് നകുല്‍ പങ്കുവച്ചിരിക്കുന്നത്. കെകെ വിടവാങ്ങിയിട്ട് 20 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി നകുല്‍ ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്.
'മൂന്നാഴ്‌ച മുമ്പ് നടന്ന സംഭവങ്ങളുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുത്തു. ഇപ്പോഴും വേദന ശാരീരികമാണ്. ശ്വാസം മുട്ടിക്കുന്ന പോലെ. ആളുകള്‍ എന്‍റെ നെഞ്ചില്‍ നില്‍ക്കുന്ന പോലെ. എനിക്കെന്‍റെ അച്ഛനെ കുറിച്ച് എന്തെങ്കിലും പറയണം. താങ്കള്‍ നല്‍കിയ അംഗീകാരം പ്രധാനമാണ്. ആ കാര്യത്തില്‍ ഞാന്‍ അനുഗ്രഹീതനാണ്. എല്ലാ ദിവസവും താങ്കളെ കാണാനുള്ള അവസരം ലഭിച്ചത് വലിയ നേട്ടമാണ്.
Also Read: 'മികച്ച അച്ഛന്‍, ഒരു നിമിഷമെങ്കിലും തിരികെ ലഭിച്ചിരുന്നെങ്കില്‍'; കരളലിയിപ്പിക്കുന്ന കുറിപ്പുമായി മകള്‍
അനേകം ആളുകള്‍ക്ക് നിങ്ങളെ ഒരിക്കലെങ്കിലും കാണണം,സാന്നിധ്യത്തില്‍ ഉണ്ടായിരിക്കണം എന്നാണ്. ഇവിടെ ഞങ്ങള്‍ ഓരോ നിമിഷവും താങ്കളുടെ സ്‌നേഹത്താല്‍ പൊതിയപ്പെടുകയായിരുന്നു. താങ്കള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അഭിനിവേശം പ്രകടമായിരുന്നു, പ്രത്യേകിച്ച് സംഗീതവുമായി ബന്ധപ്പെട്ട്.
താങ്കളുടെ കാഴ്‌ചപ്പാടുകള്‍ എനിക്ക് തിരിച്ചറിയാനായി. എത്ര ഉദാരമായാണ് താങ്കള്‍ സ്‌നേഹിച്ചത്. പോസിറ്റീവുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, നെഗറ്റീവുകളെ പൂര്‍ണമായും അവഗണിച്ച്. ഒരേസമയം എന്നെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്‌ത താങ്കള്‍ തുല്യമായാണ് പരിഗണിച്ചത്.
വീട്ടില്‍ നിന്നും ഞാന്‍ പുറത്തിറങ്ങിയാല്‍ എവിടെയാണെന്ന് അറിയാന്‍ വിളിക്കും. ഞാന്‍ എന്ത് തീരുമാനിച്ചാലും എന്നെ പൂര്‍ണമായും വിശ്വസിക്കും. എന്നെ ഞാന്‍ ആകാന്‍ അനുവദിച്ചിരുന്നു. ആളുകള്‍ അവരുടെ അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ച് എന്നോട് പറയുമ്പോള്‍ ചില കാര്യങ്ങള്‍ എനിക്ക് വിചിത്രമായി തോന്നിയിരുന്നു.
പിതാവ് എന്നതിലുപരി സുഹൃത്തായിരുന്നു താങ്കള്‍ എനിക്ക്. വീട്ടില്‍ നിരന്തരം തമാശയും കളിയും നിറഞ്ഞ അന്തരീക്ഷമായിരുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ മാത്രമല്ല, ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിലും താങ്കളുണ്ട്. താങ്കളും ഞാനും വീണ്ടും കണ്ടുമുട്ടിയേക്കാം..'- നകുല്‍ കുറിച്ചു.
കൊല്‍ക്കത്തയിലെ സംഗീത പരിപാടിക്ക് ശേഷമായിരുന്നു കെകെയുടെ അന്ത്യം. കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിക്ക് ശേഷം അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 53 വയസ്സായിരുന്നു.