മുംബൈ:ബിഗ്‌ബോസ് സീസൺ 13ലൂടെ പ്രേക്ഷക ഹൃദയത്തിലിടം നേടിയെടുത്ത താരമാണ് ഷെഹ്‌നാസ് ഗിൽ. സൽമാൻ ഖാന്‍റെ 'കിസി കാ ഭായ് കിസി കി ജാൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചു. ബിഗ്‌ബോസിലൂടെയാണ് താരം ഏറെ ജനപ്രീതി നേടിയത്. കൂടാതെ, കാലാ ഷാ കാലാ, ഹോൺസ്‌ല രാഖ് തുടങ്ങിയ പഞ്ചാബി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, പുതിയ വെളിപ്പെടുത്തലുമായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഗ് ബോസിൽ മത്സരാർഥിയായിരുന്ന സമയത്ത് താൻ ബോഡ് ഷെയിമിങ് നേരിട്ടിട്ടുണ്ടായിരുന്നു എന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. എന്നാൽ ബോഡി ഷെയിമിങ് നേരിട്ടതോടെ താൻ സ്വയം കഠിനാധ്വാനം ചെയ്‌ത് തന്‍റെ ശരീരഭാരം കുറച്ചുവെന്നും താരം പറഞ്ഞു.
'എനിക്ക് ലഭിച്ച മികച്ച ഉപദേശങ്ങൾ ഞാൻ ഉൾക്കൊള്ളുകയും അത് പിന്തുടരുകയും ചെയ്‌തു. ബിഗ് ബോസിൽ മത്സരിക്കുന്ന സമയത്ത് തന്‍റെ വണ്ണത്തെക്കുറിച്ച് നിരവധി അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്നു. ഇതോടെ താൻ ശരീര ഭാരം കുറച്ചു'- ഷെഹ്‌നാസ് ഗിൽ പറഞ്ഞു. 'എനിക്ക് സൽവാർ സ്യൂട്ട് മാത്രമേ ധരിക്കാൻ കഴിയൂ എന്നായിരുന്നു ആളുകൾ കരുതിയത്. എന്നാൽ ഞാൻ അത് മാറ്റിയെടുത്തു'. ആളുകളുടെ മുൻവിധികളെല്ലാം തകർത്തു എന്നും ഷെഹ്‌നാസ് ഗിൽ പറഞ്ഞു.
സൽമാൻ ഖാൻ തനിക്ക് ഒരുപാട് പിന്തുണ നൽകിയിട്ടുണ്ടെന്നും താരം പറഞ്ഞു. 'നിങ്ങൾക്ക് മുന്നോട്ട് പോകാം, നിങ്ങൾക്ക് കഴിവുണ്ട്, സ്വയം പ്രവർത്തിക്കൂ... എന്ന് പറഞ്ഞ് സാർ എന്നെ പ്രചോദിപ്പിക്കും. അദ്ദേഹം എപ്പോഴും എന്നെ പിന്തുണക്കുമായിരുന്നു. സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ താൻ വളരെ ഭാഗ്യവതിയാണ്' - താരം പറഞ്ഞു. തനിക്ക് കിസി കാ ഭായ് കിസി കാ ജാൻ എന്ന സിനിമയിൽ അവസരം ലഭിച്ചതിൽ സൽമാൻ ഖാനും പങ്കുണ്ടെന്ന് ഷെഹ്‌നാസ് ഗിൽ കൂട്ടിച്ചേർത്തു.