ഷാരൂഖ് ഖാൻ, രാജ് കുമാർ ഹിരാനി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'ഡങ്കി'. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്‍റെ വരവിനായി കാത്തിരിക്കുന്നത്. 'ഡങ്കി'യുടെ ഓരോ അപ്‌ഡേറ്റുകൾക്കായും ചെവിയോർത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കി ചിതത്തിലെ ആദ്യ ഗാനം പുറത്തു വന്നിരിക്കുകയാണ്.
ചിത്രത്തിലെ 'ലുട് പുട് ഗയ' എന്നു തുടങ്ങുന്ന റൊമാന്‍റിക് ഗാനമാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് (Shah Rukh Khan starrer Dunki movie Lutt Putt Gaya song out). പ്രീതം സംഗീത സംവിധാനം നിർവഹിച്ച ഗാനം അർജിത് സിംഗ് ആണ് ആലപിച്ചിരിക്കുന്നത്. സ്വാനന്ദ് കിർകിരെയും ഐ പി സിങ്ങും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. മന്നുവിന്‍റെയും ഹാർഡിയുടെയും പ്രണയം പറയുന്ന ഗാനം പരേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
നാല് സുഹൃത്തുക്കളുടെ ഹൃദയ സ്‌പർശിയായ കഥ പറയുന്ന ചിത്രമാണ് 'ഡങ്കി'. വിദേശത്ത് എത്താനുള്ള ഈ സുഹൃത്തുക്കളുടെ അന്വേഷണമാണ് ഹിരാനി 'ഡങ്കി'യിലൂടെ പറയുന്നത്. യഥാർഥ ജീവിതാനുഭവങ്ങളിൽ നിന്ന് ഉൾക്കൊണ്ട കഥയാണ് ചിത്രം വരച്ചുവയ്‌ക്കുന്നത് എന്നാണ് വിവരം.
'ഡങ്കി ഫ്ലൈറ്റ്' ആണ് ചിത്രം പ്രമേയമാക്കുന്നത് എന്നാണ് വിവരം. പിൻവാതിലൂടെ അമേരിക്ക, യുണൈറ്റഡ് കിങ്‌ഡം, കാനഡ തുടങ്ങി രാജ്യങ്ങളിലേയ്‌ക്ക് പ്രവേശിക്കുന്നതിനുള്ള, നിയമ വിരുദ്ധമായ രീതിയെയാണ് 'ഡങ്കി ഫ്ലൈറ്റ്' എന്ന് പറയുന്നത്. ഈ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനും പിന്നീട് നാട്ടിലേയ്‌ക്ക് മടങ്ങാനും അപകടകരവും നിയമ വിരുദ്ധവുമായ ഈ പാത തെരഞ്ഞെടുക്കുന്ന ഇന്ത്യൻ പൗരന്മാരുടെ പോരാട്ടങ്ങളിലേക്കും, അവരുടെ ജീവിതത്തിലേയ്‌ക്കും 'ഡങ്കി' വെളിച്ചം വീശുന്നു.