സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ നായകനാകുന്ന 'ഡങ്കി' സിനിമയിലെ പുതിയ ഗാനം പുറത്തുവന്നു. 'ഓ മാഹി...' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 'ഡങ്കി: ഡ്രോപ് 5' ആയി എത്തിയ ഗാനം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയാണ് (Dunki Drop 5 O Maahi song).
പ്രൊമോഷണൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയിൽ മറ്റൊരു തരത്തിലാണ് ഗാനം ആവിഷ്‌കരിച്ചിരിക്കുന്നത് എന്നും എഴുതിച്ചേർത്തിട്ടുണ്ട്. ഈ റൊമാന്‍റിക് മെലഡി ഒരുക്കിയിരിക്കുന്നത് പ്രീതം ആണ്. അരിജിത് സിംഗ് ആണ് ആലാപനം. ഇർഷാദ് കാമിലാണ് ഹൃദയസ്‌പർശിയായ വരികൾ രചിച്ചിരിക്കുന്നത്.
മരുഭൂമി പശ്ചാത്തലമാക്കിയാണ് ഗാനരംഗം ഒരുക്കിയത്. നായികയായ തപ്‌സി പന്നുവിനെയും വീഡിയോയിൽ കാണാം. ഷാരൂഖ് അവതരിപ്പിക്കുന്ന കഥാപാത്രമായ ഹാർഡിയ്‌ക്ക് തപ്‌സിയുടെ മന്നു എന്ന കഥാപാത്രത്തോടുള്ള പ്രണയത്തെ മനോഹരമായി ഉൾക്കൊള്ളുന്നതാണ് ഈ ഗാനം.
രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഡങ്കിയിലെ നേരത്തെ പുറത്തുവന്ന മറ്റ് രണ്ട് പാട്ടുകളും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു. 'ലുട്ട് പുട്ട് ഗയ', 'നിക്‌ലെ തി കഭി ഹം ഘർ സെ' എന്നീ ഗാനങ്ങളാണ് അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിലെ റൊമാന്‍റിക് ട്രാക്കും പ്രേക്ഷകർ നെഞ്ചേറ്റുകയാണ്.
നേരത്തെ 'ഡങ്കി'യിലെ 'ഓ മാഹി' ഗാനത്തിന്‍റെ ടീസർ ബോളിവുഡ് ബാദുഷ ഷാരൂഖ് ഖാൻ പുറത്തുവിട്ടിരുന്നു. (Shah Rukh Khan dropped O Maahi teaser). 'ഡങ്കി'യുടെ അര്‍ഥം എന്താണെന്നും ഷാരൂഖ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ടീസറിനൊപ്പം ഒരു അടിക്കുറിപ്പും താരം നൽകി.