മുംബൈ: വിജയക്കുതിപ്പിലാണ് ഷാരൂഖ് ദീപിക ചിത്രം പഠാൻ. 'പഠാന്‍റെ’ വിജയാഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ഷാരൂഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ദീപികയേയും ജോൺ എബ്രഹാമിനെയും ചേർത്തുപിടിച്ച് ഷാരൂഖ് ഖാൻ പറഞ്ഞത് പഠാനിലെ അമറും അക്ബറും ആന്‍റണിയുമാണ് ഞങ്ങൾ എന്നാണ്.
‘പഠാൻ ടീമിലെ അമർ, അക്ബർ, ആന്‍റണിമാരാണ് ഞങ്ങൾ, സ്നേഹവും സാഹോദര്യവും പ്രചരിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’ എന്നാണ് ഷാരൂഖിന്‍റെ വാക്കുകൾ. മൻമോഹൻ ദേശായിയുടെ 1977ലെ ഹിറ്റ് ചിത്രമാണ് ‘അമർ അക്ബർ ആന്‍റണി’. ചിത്രത്തിലെ കഥാപാത്രങ്ങളോട് തന്നെയും തന്‍റെ സഹതാരങ്ങളെയും ഉപമിക്കുകയായിരുന്നു ഷാരൂഖ്. ഐകൃത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പറയുന്ന ചിത്രമാണ് അമർ അക്ബർ ആന്‍റണി.
'ഇതാണ് ദീപിക, അവൾ അമർ, ഞാൻ ഷാരൂഖ് ഖാൻ, ഞാൻ അക്ബർ, ജോൺ അവൻ അന്തോണിയാണ്. ഞങ്ങൾ ‘അമർ അക്ബർ അന്തോണിയാണ്. അമർ അക്ബർ ആന്‍റണി ഒരുമിച്ചപ്പോഴാണ് സിനിമ വിജയമായത്. ഞങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. പണത്തേക്കാൾ പ്രധാനം, നിങ്ങൾ നൽകുന്ന സ്നേഹമാണെന്നും' ഷാരൂഖ് കൂട്ടിച്ചേർത്തു.
'സിനിമ നിർമിക്കുന്നത് ആരെയും മുറിവേൽപ്പിക്കാനല്ല. സിനിമ വിനോദത്തിന് മാത്രമാണ്. ഡാറിൽ ഞാനൊരു മോശം കഥാപാത്രമായി അഭിനയിച്ചതുകൊണ്ടോ, പാഠാനിൽ ജോൺ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചതുകൊണ്ടോ ഞങ്ങളാരും മോശമാവുന്നില്ല. അത് സിനിമയിൽ മാത്രമാണ്. ഞങ്ങൾ കഥാപാത്രങ്ങളെ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയിലെ സംഭാഷണങ്ങൾക്ക് ആരെയും മുറിവേൽപ്പിക്കുക എന്ന ഉദ്ദേശമില്ല. പ്രേക്ഷകരെ ആസ്വദിപ്പിക്കാൻ മാത്രമുള്ളതാണ്. തമാശക്കായി സിനിമയിൽ കാണിക്കുന്നതും പറയുന്നതും ഗൗരവതരമായി എടുക്കരുതെന്നും ഷാരൂഖ് പറഞ്ഞു. വലിയ വിവാദങ്ങൾക്ക് പിന്നാലെ തീയേറ്ററിലേക്ക് എത്തിയ ചിത്രമാണ് പഠാൻ. എന്നാൽ ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷൻ നേടിയ ചിത്രം അഞ്ചാം ദിനം പിന്നിടുമ്പോൾ 500 കോടിയാണ് കടന്നിരിക്കുന്നത്.