ഒരു നടന്‍ എന്ന നിലയിൽ താൻ സംവിധായകന് കീഴ്‌പ്പെട്ടവനാണെന്ന് ബോളിവുഡ് താരം സഞ്‌ജയ് ദത്ത്. റിലീസിനൊരുങ്ങുന്ന രൺബീർ കപൂർ ചിത്രം ഷംഷേരയിൽ പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന ശുദ്ധ് സിങ് എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. ഐതിഹാസികമായ വില്ലൻമാരെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുള്ള നടന്‍റെ മറ്റൊരു ഭയാനകമായ കഥാപാത്രത്തെ ശുദ്ധ് സിങ്ങിലൂടെ കാണാനാകും.
സിനിമയിലെ ശുദ്ധ് സിങ് എന്ന കഥാപാത്രം തമാശ നിറഞ്ഞതും അതേസമയം അപകടകരവുമാണെന്ന് സഞ്‌ജയ് പറയുന്നു. കരൺ മൽഹോത്രയാണ് ചിത്രത്തിന്‍റെ സംവിധാനം. സിനിമയുടെ നിർമാതാക്കൾ പുറത്തുവിട്ട വീഡിയോയിൽ കഥാപാത്രത്തിനായി തയാറെടുക്കുന്ന സഞ്ജയ് ദത്തിനെ കാണാം.
'ഞാൻ ഒരു നടനാണ്. ഞാൻ ഒരു തിരക്കഥയിലോ കഥാപാത്രത്തിലോ വിശ്വസിക്കുന്നുവെങ്കിൽ അത് സംവിധായകന് വിടും. ശുദ്ധ് സിങ്ങിനെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വ്യാഖ്യാനം, ഞാൻ എന്‍റെ കഴിവിന്‍റെ പരമാവധി സ്‌ക്രീനിൽ അവതരിപ്പിക്കും. എന്‍റെ നിർദേശങ്ങൾ കഥാപാത്രത്തെ കൂടുതൽ മെച്ചപ്പെടുത്തും. ശുദ്ധ് സിങ് തമാശക്കാരനും അപകടകാരിയുമാണ്. പ്രേക്ഷകർ അവനെ സ്‌നേഹിക്കണം എന്ന് സഞ്‌ജയ് ദത്ത് വീഡിയോയിൽ പറയുന്നത് കാണാം.
"ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സഞ്‌ജയ് സർ അഭിനയിക്കുന്നുവെന്ന് ചിന്തിക്കുമ്പോൾ തന്നെ, പ്രത്യേകിച്ച് ഒരു നെഗറ്റീവ് റോൾ, ഉള്ളിൽ നിന്ന് ഒരു മികച്ച രീതിയിലുള്ള ഭ്രാന്ത് എന്നെ പിടികൂടുന്നു. സാധ്യമായ ഏറ്റവും ഭയാനകമായ രീതിയിൽ അദ്ദേഹത്തെ എങ്ങനെ അവതരിപ്പിക്കാം എന്നതിനെ കുറിച്ചുള്ള ആശയങ്ങൾ യാന്ത്രികമായി എനിക്ക് ലഭിക്കാൻ തുടങ്ങുന്നു". സഞ്‌ജയ് ദത്തിനെ പോലുള്ള ഒരു മുതിർന്ന നടനെ എങ്ങനെയാണ് സംവിധാനം ചെയ്‌തത് എന്നതിനെ കുറിച്ച് കരൺ മൽഹോത്ര പറയുന്നു.
"സഞ്‌ജയ് അങ്ങേയറ്റം സ്വതസിദ്ധനാണ്. അദ്ദേഹം കഠിനാധ്വാനം ചെയ്യാത്തത് പോലെയാണ് പെരുമാറുന്നതെങ്കിലും അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നു. നിരന്തരം സെറ്റിൽ അതിനെ കുറിച്ച് ചിന്തിക്കുന്നു. താൻ കാര്യമാക്കുന്നില്ല എന്ന ധാരണയുണ്ടാക്കുന്നുണ്ടെങ്കിലും അദ്ദേഹം ജോലിയിൽ വളരെയധികം ശ്രദ്ധാലുവാണ്", സിനിമയിൽ നായക വേഷത്തിലെത്തുന്ന രൺബീർ കപൂർ പറയുന്നു.
സാങ്കൽപ്പിക നഗരമായ കാസയിൽ നടക്കുന്ന കഥയാണ് ഷംഷേര പറയുന്നത്. ശുദ്ധ് സിങ് എന്ന ക്രൂരനായ സ്വേച്ഛാധിപതിയാൽ തടവിലാക്കപ്പെടുകയും, അടിമയാക്കപ്പെടുകയും ചെയ്യുന്ന ഒരു ഗോത്രത്തിന്‍റെ കഥയാണ് ഷംഷേര. തന്‍റെ ഗോത്രത്തിന്‍റെ സ്വാതന്ത്ര്യത്തിനും അന്തസിനും വേണ്ടി നിരന്തരം പോരാടുന്ന ഒരു വ്യക്തിയുടെ കഥ പറയുന്ന ചിത്രമായ ഷംഷേര ജൂലൈ 22ന് തിയേറ്റർ റിലീസിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും.