മുംബൈ:ബോളിവുഡ് സൂപ്പര്‍താരം സൽമാൻ ഖാനെ കൊല്ലുമെന്ന് ഇമെയിൽ അയച്ച വ്യക്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് മുംബൈ പൊലീസ്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മാർച്ചിൽ ഗുണ്ടാസംഘ നേതാവായ ഗോൾഡി ബ്രാറിന്റെ പേരിൽ ഇയാൾ സൽമാൻ ഖാന് വധഭീഷണി അയക്കുകയായിരുന്നു. ഇന്ത്യൻ ടിവി ഷോയായ 'ആപ് കി അദാലത്ത്' എന്ന പരിപാടിയിൽ പങ്കെടുത്ത് സൽമാൻ വധഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈ പൊലീസ് തനിക്ക് നൽകിയ വൈ പ്ലസ് കാറ്റഗറി സുരക്ഷയെക്കുറിച്ചും സംസാരിച്ചിരുന്നു.
'സുരക്ഷയാണ് അരക്ഷിതാവസ്ഥയേക്കാൾ നല്ലത്. അതെ സെക്യൂരിറ്റിയുണ്ട്. ഇപ്പോൾ റോഡിൽ സൈക്കിൾ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയും പോകാനും കഴിയില്ല. അതിലുപരിയായി, ഞാൻ ഇപ്പോൾ നേരിടുന്ന ഒരു പ്രശ്നം ഉണ്ട്, ഞാൻ യാത്ര ചെയ്യുമ്പോൾ വളരെയധികം സുരക്ഷ വാഹനങ്ങൾ മറ്റുള്ളവർക്ക് അസൗകര്യം സൃഷ്ടിക്കുന്നു. എന്റെ പ്രിയപ്പെട്ട ആരാധകർ എന്നെ ഇങ്ങനെ നോക്കാറുണ്ട്. ഗുരുതരമായ ഭീഷണിയുണ്ട്, അതിനാലാണ് സുരക്ഷ,' സൽമാൻ ഖാൻ പറഞ്ഞു.