'ആര്‍ആര്‍ആര്‍' രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുമ്പോള്‍ സംവിധായകന്‍ രാജമൗലിയുടെ പരാമര്‍ശങ്ങളും മാധ്യമശ്രദ്ധ നേടുകയാണ്. 'ആര്‍ആര്‍ആര്‍' ബോളിവുഡ് ചിത്രമല്ലെന്ന് പറഞ്ഞ രാജമൗലിയുടെ പരാമര്‍ശവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സംവിധായകന്‍റെ പുതിയ പരാമര്‍ശമാണ് ചർച്ചയാകുന്നത്.
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ചിത്രത്തിലെ ഗാനത്തിന് ലഭിച്ചിരുന്നുവെന്നും താന്‍ സിനിമ ചെയ്യുന്നത് പണത്തിന് വേണ്ടിയാണെന്നുമാണ് രാജമൗലിയുടെ പുതിയ പരാമര്‍ശം. ഒരു അമേരിക്കന്‍ പബ്ലിക്കേഷന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍റെ ഈ പരാമര്‍ശം.
താന്‍ സിനിമ ചെയ്യുന്നത് പണം ഉണ്ടാക്കാനാണെന്നും പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് തന്‍റെ സിനിമകളെന്നുമാണ് രാജമൗലി പറഞ്ഞത്. 'നിരൂപക പ്രശംസ നേടാന്‍ ഞാന്‍ സിനിമ എടുക്കാറില്ല. 'ആര്‍ആര്‍ആര്‍' ഒരു വാണിജ്യ സിനിമയാണ്. സിനിമ സാമ്പത്തികമായി വിജയിക്കുമ്പോഴാണ് ഞാന്‍ സന്തോഷവാനാകുന്നത്. പുരസ്‌കാരങ്ങള്‍ അതിന് അപ്പുറമുള്ളതാണ്. എന്‍റെ യൂണിറ്റിന്‍റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ്. അതില്‍ താന്‍ സന്തോഷവാനാണ്.'-രാജമൗലി പറഞ്ഞു.
എന്നാല്‍ 'ആര്‍ആര്‍ആര്‍' ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആകാത്തതില്‍ സംവിധായകന്‍ നിരാശ പ്രകടിപ്പിച്ചു. ഗുജറാത്തി ചിത്രം 'ദി ലാസ്‌റ്റ് ഷോ' ആണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം 'ചെല്ലോ ഷോ' തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെങ്കിലും 'ആര്‍ആര്‍ആര്‍' ഓസ്‌കാറിന് തിരഞ്ഞെടുക്കപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ള സിനിമ ആയിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും രാജമൗലി പറഞ്ഞു.
Also Read:'പരീക്ഷണങ്ങള്‍ക്ക് തയ്യാറാണ്'; ഹോളിവുഡ് അരങ്ങേറ്റ സ്വപ്‌നങ്ങളുമായി എസ് എസ് രാജമൗലി