ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ടിന്‍റെ ജീവിതം വരച്ചുകാട്ടുന്ന ചിത്രം വരുന്നു. ഹോളിവുഡ് പ്രതിഭകളായ റിഡ്‌ലി സ്കോട്ടും (Ridley Scott) ജോക്വിൻ ഫീനിക്‌സും (Joaquin Phoenix) ഒന്നിക്കുന്ന ‘നെപ്പോളിയൻ’ (Napoleon) എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നു. ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ടിന്‍റെ ജീവിതം പറയുന്ന ചിത്രം അദ്ദേഹത്തിന്‍റെ അധികാര ശക്തിയിലും എംപ്രൈസ് ജോസഫൈനുമായുള്ള പ്രണയത്തിലും ഒക്കെയാണ് കേന്ദ്രീകരിക്കുന്നത്.
ഇതിഹാസ താരം വാക്വിൻ ഫീനിക്‌സ് ആണ് ചിത്രത്തില്‍ നെപ്പോളിയനായി എത്തുന്നത്. ജോസഫൈനായി വനേസ കിർബിയും (Vanessa Kirby) വേഷമിടുന്നു. തഹർ റഹിം ബെൻ മൈൽസ് (Tahar Rahim Ben Miles), മാത്യു നീഥം (Matthew Needham), ലുഡിവൈൻ സാഗ്‌നിയെർ (Ludivine Sagnier) എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.
അമേരിക്കയിൽ നവംബർ 22ന് ചിത്രം റിലീസിനെത്തും. സോണി പിക്‌ചേഴ്‌സ് ആണ് ‘നെപ്പോളിയൻ’ തിയേറ്ററുകളിൽ എത്തിക്കുക. ഒടിടി റിലീസ് ആപ്പിൾ ടിവിയിലൂടെയുമാണ്.
നെപ്പോളിയന്‍റെ ആക്ഷൻ - പാക്ക്ഡ് ട്രെയിലറാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തന്‍റെ സൈന്യത്തെ വിജയങ്ങളുടെ പരമ്പരയിലേക്ക് നയിക്കുകയും വിപ്ലവാനന്തര ഫ്രാൻസിലെ അരാജകത്വം ഇല്ലാതാക്കുകയും ചെയ്‌ത അധികാര മോഹിയായ നെപ്പോളിയൻ ബോണപ്പാർട്ടായുള്ള നടൻ ജോക്വിൻ ഫീനിക്‌സിന്‍റെ പകർന്നാട്ടം കയ്യടി നേടുകയാണ്.
തിങ്കളാഴ്‌ച വൈകുന്നേരം (ജൂലൈ 10) ആപ്പിൾ ടിവിയും സോണി പിക്‌ചേഴ്‌സും പുറത്തുവിട്ട രണ്ട് മിനിട്ട് 38 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ 1793 ൽ സ്ഥാന ഭ്രഷ്‌ടനാക്കപ്പെട്ട ഫ്രഞ്ച് ചക്രവർത്തി മാരി ആന്‍റോനെറ്റിനെ ഗില്ലറ്റിനിലേക്ക് നയിക്കുന്നതിന്‍റെ ദൃശ്യത്തോടെയാണ് ആരംഭിക്കുന്നത്. നെപ്പോളിയന്‍റെ അധികാരത്തിലേക്കുള്ള പ്രവേശനത്തിലേക്ക് ട്രെയിലർ പിന്നീട് വഴിമാറുന്നു.
ഒരു സൈനികനെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്കും ഒപ്പം പ്രക്ഷുബ്‌ധമായ വ്യക്തി ജീവിതത്തിലേക്കും ട്രെയിലർ വെളിച്ചം വീശുന്നു. “ഞാൻ മഹത്വത്തിനായി വിധിക്കപ്പെട്ടവനാണ്. എന്നാൽ അധികാരത്തിലിരിക്കുന്നവർ എന്നെ കാണുന്നത് ഒരു വാളായി മാത്രമാണ്” - എന്ന് അദ്ദേഹം ട്രെയിലറില്‍ പറയുന്നത് കാണാം. തണുത്തുറഞ്ഞ തടാകത്തിലെ രക്തരൂക്ഷിതമായ കൂട്ടക്കൊല ഉൾപ്പടെയുള്ള ക്രൂരമായ യുദ്ധങ്ങളുടെ ദൃശ്യങ്ങളും ട്രെയിലർ കാണിക്കുന്നുണ്ട്. കൂടാതെ ഈജിപ്‌തിലെ സ്‌ഫിങ്ക്‌സിന് മുന്നിൽ കുതിരപ്പുറത്ത് ഇരിക്കുന്നത് ഉൾപ്പടെ നെപ്പോളിയന്‍റെ പ്രശസ്‌തമായ നിരവധി ഛായാചിത്രങ്ങൾ സിനിമയില്‍ പുനർനിർമിക്കുന്നുണ്ടെന്നും ട്രെയിലറില്‍ നിന്ന് വ്യക്തമാണ്.
'ദി ലാസ്റ്റ് ഡുവൽ, ഹൗസ് ഓഫ് ഗുച്ചി' എന്നീ ചിത്രങ്ങൾക്ക് ശേഷം റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നെപ്പോളിയൻ. സ്‌കോട്ടിന്‍റെ ഓസ്‌കർ നേടിയ, 2000 ൽ പുറത്തിറങ്ങിയ ചിത്രം 'ഗ്ലാഡിയേറ്റ'റിൽ (Gladiator) ഫീനിക്‌സ് കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. മനോരോഗിയായ റോമൻ ചക്രവർത്തിയായ കൊമോഡസിനെയാണ് ഫീനിക്‌സ് 'ഗ്ലാഡിയേറ്റ'റിൽ അവതരിപ്പിച്ചത്.