'കാവുംതാഴെ സുരേഷും സുമലത ടീച്ചറും', 'ന്നാ താൻ കേസ് കൊട്' എന്ന സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഈ പേരുകൾ മറക്കാന്‍ ഇടയില്ല. പേരുകൾ മാത്രമല്ല ഈ കഥാപാത്രങ്ങൾക്ക് ജീവന്‍ പകർന്ന രാജേഷ് മാധവനും ചിത്ര നായരും കാഴ്‌ചക്കാരുടെ ഹൃദയം കവർന്നുവെന്ന കാര്യത്തില്‍ തർക്കമുണ്ടാവില്ല. രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാൾ അണിയിച്ചെരുക്കിയ 'ന്നാ താൻ കേസ് കൊട്' സിനിമയിലൂടെ ട്രെൻഡ് സെറ്റർ ആയി മാറിയ കാവും താഴെ സുരേഷും സുമലത ടീച്ചറും ഇപ്പോഴിതാ മുഴുനീള സിനിമയിൽ പ്രണയിക്കാനുള്ള ഒരുക്കത്തിലാണ്.
നേരത്തെ രാജേഷ് മാധവനും ചിത്ര നായരും ഒരുമിച്ചഭിനയിച്ച സേവ് ദി ഡേറ്റ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. നിമിഷ നേരംകൊണ്ട് വീഡിയോ വൈറലായെങ്കിലും പ്രേക്ഷകരുടെ ഉള്ളില്‍ ചില സംശയങ്ങൾ ബാക്കിയായിരുന്നു. സിനിമയുടെ പ്രൊമോഷനാണോ അതോ യഥാർഥ ജീവിതത്തിലും ഇവർ ഒന്നിക്കുകയാണോ എന്ന തരത്തിലുള്ള ആശയക്കുഴപ്പത്തില്‍ ആയിരുന്നു പ്രേക്ഷകർ.
പിന്നീട് ഇരുവരുടെയും വിവാഹം ക്ഷണിച്ചു കൊണ്ടുള്ള കത്തും പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോൾ പ്രേക്ഷകരുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ലഭിച്ചിരിക്കുകയാണ്. രാജേഷ് മാധവൻ അവതരിപ്പിച്ച ഓട്ടോ ഡ്രൈവർ സുരേശൻ കാവുംതാഴെയും ചിത്ര നായർ അവതരിപ്പിച്ച സുമലതയും കേന്ദ്ര കഥാപാത്രമാകുന്ന സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നത്.
നേരത്തെ പുറത്തുവന്ന ക്ഷണക്കത്തിലെ വിവാഹ സ്ഥലം അടയാളപ്പെടുത്തിയ പോലെ പയ്യന്നൂര്‍ കോളേജിലായിരുന്നു ചിത്രത്തിന്‍റെ പൂജയും പ്രഖ്യാപനവും നടന്നത്. 'സുരേശന്‍റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം രതീഷ് ബാലകൃഷ്‌ണ പൊതുവാൾ തന്നെയാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിങ്ങിന് പയ്യന്നൂർ കോളജിൽ തുടക്കമായി.
രാജേഷ് മാധവനും ചിത്ര നായരും സംവിധായകന്‍ രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാളിനൊപ്പം ഉത്തര മലബാറിന്‍റെ കഥാ പശ്ചാത്തലം പ്രേക്ഷകർക്ക് പറഞ്ഞുകൊടുത്ത സംവിധായകനാണ് രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാൾ. സുരാജ് വെഞ്ഞാറമൂടിന് ഏറെ അംഗീകാരവും പ്രശസ്‌തിയും നേടിക്കൊടുത്ത 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', കുഞ്ചാക്കോ ബോബന്‍റെ വേറിട്ട അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച 'ന്നാ താൻ കേസു കൊട്' എന്നീ ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്‌ണന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'ഹൃദയഹാരിയായ പ്രണയ കഥ'.
പയ്യന്നൂര്‍ കോളേജിലായിരുന്നു ചിത്രത്തിന്‍റെ പൂജയും പ്രഖ്യാപനവും സിൽവർ ബേ സ്റ്റുഡിയോസിന്‍റെ ബാനറിൽ അജിത് തലാപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. കഥാപാത്രങ്ങളായ കാവും താഴെ സുരേഷും സുമലത ടീച്ചറും ഹാരമണിഞ്ഞ് സ്റ്റേജിൽ എത്തി, വളരെ വ്യത്യസ്‌തമായ രീതിയിലായിരുന്നു ചിത്രത്തിന്‍റെ ലോഞ്ച് നടന്നത്. സ്റ്റേജില്‍ ഇരുവരെയും ഒന്നിപ്പിക്കാനായി സംവിധായകൻ രതീഷ് ബാലകൃഷ്‌ണനെ ക്ഷണിച്ചത് രാജേഷ് മാധവന്‍ തന്നെയാണ്.
'സുരേശന്‍റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' പിന്നാലെ രാജേഷ് മാധവനും ചിത്ര നായരും സംവിധായകന്‍റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി. തുടർന്ന് മുൻ എം.എൽ.എമാരായ കെ.പി.കുഞ്ഞിക്കണ്ണൻ, വി.വി.രാജേഷ്, അഡ്വ. പി. സുരേഷ്, ലിസ്റ്റിൻ സ്റ്റീഫൻ, അനൂപ് കണ്ണൻ, ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി, വിവേക് ഹർഷൻ, ജെ. കെ, എന്നിവർ ഭദ്രദീപം തെളിയിച്ചു. ചിത്രത്തിലൂടെ തികച്ചും റിയലിസ്റ്റിക്കായ രീതിയില്‍ ഒരു പ്രണയകഥ അവതരിപ്പിക്കാനാണ് അണിയറക്കാർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
'കാവുംതാഴെ സുരേഷും സുമലത ടീച്ചറും' ഉത്തരമലബാറിന്‍റെ സാമൂഹ്യ പശ്ചാത്തലത്തിലൂടെ നീങ്ങുന്ന സിനിമയില്‍ സുധീഷ്, ശരത് രവി, ബാബു അന്നൂർ, എന്നിവരും ഒഡിഷനിലൂടെ കണ്ടെത്തിയ പുതുമുഖങ്ങളും കൂടാതെ പ്രദേശിക നാടകകലാകാരന്മാരും അണിനിരക്കുന്നു. ഡോൺ വിൻസന്‍റ് ആണ് ചിത്രത്തിന് ഈണം ഒരുക്കുന്നത്. സബിൻ ഊരാളുകണ്ടി ഛായാഗ്രഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് ആകാശ് തോമസ് ആണ്.
ക്രിയേറ്റീവ് ഡയറക്‌ടർ ആയി സുധീഷ് ഗോപിനാഥും കലാസംവിധായകരായി ജിത്തു സെബാസ്റ്റ്യനും മിഥുൻ ചാലിശ്ശേരിയും അണിയറയിലുണ്ട്. ലിജി പ്രേമനാണ് വസ്‌ത്രാലങ്കാരം. മേക്കപ്പ്- ലിബിൻ മോഹന്‍. ലൈൻ പ്രൊഡ്യൂസർമാർ- മനു ടോമി, രാഹുൽ നായർ. പയ്യന്നൂരും പരിസരങ്ങളിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
നാടക നടനായി അഭിനയ ജീവിതം ആരംഭിച്ച രാജേഷ് മാധവന്‍ ആദ്യമായി നായക വേഷത്തിൽ എത്തുന്ന മുഖ്യധാരാ ചിത്രം എന്ന പ്രത്യേകതയും "സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ"ക്കുണ്ട്. ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമയില്‍ സജീവമായ രാജേഷ് മാധവന്‍ ആഷിക് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ സിനിമകളില്‍ അഭിനേതാവായും സംവിധാന സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ മികച്ച കാസ്‌റ്റിങ് ഡയറക്‌ടർ കൂടിയാണ് രാജേഷ് മാധവന്‍. അതേസമയം കാസർകോട് സ്വദേശിനിയായ ചിത്ര നായരുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രമായിരുന്നു 'ന്നാ താന്‍ കേസ് കൊട്'.
READ ALSO:ഭാര്യയെ രണ്ടാമതും വിവാഹം കഴിക്കാൻ ഒരുങ്ങി ഷുക്കൂർ വക്കീൽ; രണ്ടാം വിവാഹത്തിന് പിന്നിലെ രഹസ്യം പറഞ്ഞ് നടന്‍