തമിഴകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രജിനികാന്ത് (Rajinikanth) നായകനാകുന്ന 'ജയിലര്‍' (Jailer). നെല്‍സണ്‍ ദിലീപ്‌കുമാര്‍ (Nelson Dilipkumar) സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ചിത്രത്തിന്‍റെ ഓരോ ചെറിയ അപ്‌ഡേഷനുകൾക്ക് പോലും വൻ വരവേൽപ്പാണ് ആരാധകർ ഒരുക്കാറ്. ഇപ്പോഴിതാ ആരാധകരെ വീണ്ടും തട്ടിയുണർത്തുന്ന ഒരു പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് നിർമാതാക്കൾ.
നെല്‍സണ്‍ സ്റ്റെലില്‍ എത്തിയ വീഡിയോ വേറിട്ടതായി. 'ജയിലറി'ലെ ആദ്യഗാനം ഉടന്‍ വേണമെന്ന് നെല്‍സണ്‍ ചിത്രത്തിന്‍റെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിനോട് (Anirudh Ravichander) പറയുന്നതാണ് വീഡിയോ. സെക്കന്‍ഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ 'ജയില'റിലെ ആദ്യഗാനം ഉടന്‍ ഇറങ്ങും എന്ന സൂചനയാണ് നല്‍കുന്നതെന്ന് ആരാധകർ പറയുന്നു.
രജിനികാന്തും നെല്‍സണും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ജയിലര്‍'. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജിനികാന്ത് സിനിമയില്‍ എത്തുക. 'മുത്തുവേല്‍ പാണ്ഡ്യന്‍' എന്നാണ് രജിനിയുടെ കഥാപാത്രത്തിന്‍റെ പേര്.
മലയാളത്തിന്‍റെ മഹാനടൻ മോഹന്‍ലാലും ചിത്രത്തിലുണ്ട്. അതിഥി വേഷത്തിലാകും താരം എത്തുക എന്നാണ് വിവരം. ഇതാദ്യമായാണ് ഒരു ചിത്രത്തിനായി രജിനികാന്തും മോഹന്‍ലാലും ഒന്നിക്കുന്നത്. തമന്ന ഭാട്ടിയയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തിന് ജീവൻ പകരുന്നത്. താരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.
READ ALSO:ലളിതമാണ്, എന്നാല്‍ ആകര്‍ഷണീയവും; രജനികാന്തിനൊപ്പം ജയിലറില്‍ തമന്നയും
കൂടാതെ കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാര്‍, സുനില്‍, ജാക്കി ഷ്‌റോഫ്, രമ്യ കൃഷ്‌ണൻ, യോഗി ബാബു തുടങ്ങിയവർ അടക്കം വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. സണ്‍ പിക്ചേഴ്‌സിന്‍റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. ദളപതി വിജയ് നായകനായ 'ബീസ്റ്റി'ന് ശേഷം സണ്‍ പിക്‌ചേഴ്‌സുമായി നെല്‍സണ്‍ ദിലീപ്‌കുമാര്‍ കൈകോര്‍ക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് 'ജയിലര്‍'.
നെല്‍സണ്‍ ദിലീപ്‍കുമാർ തന്നെയാണ് ചിത്രത്തിനായി തിരക്കഥയും രചിച്ചത്. ആക്ഷനും പ്രാധാന്യമുള്ള ചിത്രത്തിനായി സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് സ്റ്റണ്ട് ശിവയാണ്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
ഓഗസ്റ്റ് 10ന് ചിത്രം റിലീസ് ചെയ്യും. അതിന് മുന്‍പ് തന്നെ ചെന്നൈയില്‍ വന്‍ ഓഡിയോ ലോഞ്ച് ഉണ്ടാകും എന്നും റിപ്പോർട്ടുകളുണ്ട്. ഗോകുലം ഗോപാലന്‍റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ജയിലർ കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.
കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ കൂട്ടത്തില്‍ മുൻപന്തിയില്‍ തന്നെയാണ് 'ജയിലര്‍'. 2021 ൽ പുറത്തിറങ്ങിയ 'അണ്ണാത്തെ'യ്‌ക്ക് ശേഷം എത്തുന്ന രജിനികാന്ത് ചിത്രമാണ് 'ജയിലർ' എന്നതും പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു. നയന്‍താര, ഖുഷ്‌ബു, കീര്‍ത്തി സുരേഷ് എന്നിവര്‍ അണിനിരന്ന 'അണ്ണാത്തെ'യ്‌ക്ക് മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ രജിനികാന്തിന്‍റെ ശക്തമായ മടങ്ങിവരവ് കൂടി 'ജയിലർ' അടയാളപ്പെടുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
READ MORE:തമിഴ്, മലയാളം, കന്നഡ സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിച്ചൊരു ഫ്രെയിമില്‍; രജനികാന്തിന്‍റെ ജയിലര്‍ ഓഗസ്റ്റ് 10ന് തിയേറ്ററുകളില്‍