മുംബൈ :ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സ്‌പൈ കോമഡി ഡ്രാമയുമായി ബോളിവുഡ് താരം രാധിക ആപ്‌തെ എത്തുന്നു. തൻ്റെ ഏറ്റവും പുതിയ സിനിമയിൽ 10 വർഷം മുൻപ് രഹസ്യാന്വേഷണ ഏജൻ്റായി പരിശീലനം ലഭിച്ച് ഇപ്പോൾ ഒരു സാധാരണ വീട്ടമ്മയുടെ ജീവിതം നയിക്കുന്ന സ്‌ത്രീയായിട്ടാണ് രാധിക വേഷമിടുന്നത്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡ്യൂട്ടിയിലേക്ക് തിരികെ വിളിക്കുമ്പോൾ രാധികയുടെ കഥാപാത്രം നേരിടുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കേന്ദ്രീകരിച്ചുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പുരുഷാധിപത്യ വിശ്വാസങ്ങളെ തച്ചുടയ്ക്കുന്ന സിനിമ ഏപ്രിൽ 14-ന് ZEE5-ൽ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് പ്ലാറ്റ്‌ഫോം വ്യാഴാഴ്ച പ്രഖ്യാപിച്ചു.
നമ്മുടെ പുരുഷാധിപത്യ സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് എതിരെയാണ് സിനിമ പോരാടുന്നതെന്നും നർമത്തിൻ്റെ മറവിൽ ഇത് മനോഹരമായി ചെയ്തിട്ടുണ്ടെന്നും നടി തൻ്റെ ഒരു പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു. രാധികയെ കൂടാതെ രാജേഷ് ശർമ്മ, സുമീത് വ്യാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ നവാഗതയായ അനുശ്രീ മേത്തയാണ് എഴുതി സംവിധാനം ചെയ്യുന്നത്.
രാധികയെ തേടി രഹസ്യാന്വഷണ സംഘത്തിൻ്റ തലവൻ : സിനിമയുടെ ട്രെയിലർ റിലീസായി മണിക്കൂറുകൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഒരു അമ്പലത്തിൻ്റെ പശ്ചാത്തലത്തിൽ തുടങ്ങുന്ന ട്രെയിലറിൽ, അവിടേക്ക് വരുന്ന രാധികയെ പൂജാരിയുടെ വേഷത്തിൽ വരുന്ന മറ്റൊരു ഏജൻ്റ് വിളിച്ചുവരുത്തുകയും ഒരു പുതിയ ദൗത്യത്തെ പറ്റി സംസാരിക്കുകയും ചെയ്യുന്നു. തുടർന്ന് ജീവിതത്തില്‍ സ്വതന്ത്രരും, ശക്തരുമായ സ്‌ത്രീകളെ മാത്രം ഉന്നം വയ്ക്കുന്ന ഒരു സീരിയൽ കൊലയാളിയെ പറ്റിയാണ് ട്രെയിലറിൽ കാണിക്കുന്നത്. ആയാളെ പിടികൂടാനോ തടയാനോ ആർക്കും കഴിയാത്ത സാഹചര്യത്തിലാണ് രാധികയെ തേടി രഹസ്യാന്വഷണ സംഘത്തിൻ്റ തലവൻ എത്തുന്നത്.