മുംബൈ :മലയാളത്തിലടക്കം വമ്പൻ സിനിമകൾ നിര്‍മിക്കാനൊരുങ്ങി ഹോംബാലെ ഫിലിംസ്. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും സിനിമകൾ നിർമിക്കാനാണ് കമ്പനിയുടെ പദ്ധതി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ വിനോദ വ്യവസായത്തിൽ 3,000 കോടി രൂപ നിക്ഷേപിക്കുമെന്നും ഉടമ വിജയ് കിരഗണ്ടൂർ പറഞ്ഞു. 2024ൽ പൃഥ്വിരാജ് സുകുമാരനൊപ്പം 'ടൈസൺ' എന്ന സോഷ്യൽ ത്രില്ലർ അണിയറയിൽ ഒരുങ്ങുകയാണ്.
കൈയ്യടി നേടാൻ ടൈസൺ :പൃഥ്വിരാജ് നാലാമതായി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ടൈസൺ'. മുരളി ഗോപിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തുമെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും സിനിമകൾ': 'ഇത് ഒരു കൂട്ടം കഥകളായിരിക്കും. എല്ലാ വർഷവും ഒരു ഇവന്‍റ് സിനിമ ഉൾപ്പടെ അഞ്ചോ ആറോ ചിത്രങ്ങള്‍ ഉണ്ടാകും. ഇപ്പോൾ ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും സിനിമകൾ നിർമിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിട്ടുണ്ട്'- അദ്ദേഹം കൂട്ടിച്ചേർത്തു.
സാംസ്‌കാരികമായി അടിയുറച്ച കഥകളിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആഗോള പ്രേക്ഷകർ ഇഷ്‌ടപ്പെടുന്ന എന്തെങ്കിലും നിർമിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ അത് നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും വേരൂന്നിയതായിരിക്കണം. ഇതിലൂടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ കാഴ്‌ചക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനായി ഹിന്ദി ചലച്ചിത്ര മേഖലയിലെ എഴുത്തുകാരുമായും നിർമാതാക്കളുമായും കൈകോർക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ബോളിവുഡിൽ നിന്ന് രണ്ട് പ്രമുഖ എഴുത്തുകാരെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് ഹോംബാലെ ഫിലിംസ് പാർട്‌ണർ ചലുവെ ഗൗഡ പറഞ്ഞു.
'ഞങ്ങൾ ഹിന്ദിയിൽ കുറച്ച് എഴുത്തുകാർക്കൊപ്പം പ്രവർത്തിച്ചുവരികയാണ്. കഥ തയ്യാറായിക്കഴിഞ്ഞാൽ ഞങ്ങൾ സംവിധായകരെയും തുടർന്ന് അഭിനേതാക്കളെയും തെരയും. ഞങ്ങൾ ആദ്യം എഴുത്തുകാരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാരണം, അവരാണ് കഥ സൃഷ്‌ടിക്കുന്നത് - ചലുവെ ഗൗഡ പറഞ്ഞു.
പ്രഭാസ് അഭിനയിച്ച 'സലാർ', ബഹുഭാഷാ ചിത്രം 'ധൂമം', കന്നഡ ആക്ഷൻ ത്രില്ലറായ 'ബഗീര', തമിഴില്‍ കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രമായുള്ള 'രഘു താത്ത' എന്നിവ കമ്പനിയുടെ വരാനിരിക്കുന്ന സിനിമകളാണ്.
അടുത്ത രണ്ട് വർഷത്തിൽ 12 മുതൽ 14 വരെ സിനിമകൾ ഉണ്ടാകുമെന്നും വിജയ് കിരഗണ്ടൂർ അറിയിച്ചു. 2024ൽ പൃഥ്വിരാജിനൊപ്പമുള്ള 'ടൈസൺ' എന്ന സോഷ്യൽ ത്രില്ലറും രക്ഷിത് ഷെട്ടിക്കൊപ്പം 'റിച്ചാർഡ് ആന്‍റണി'യും സൂരറൈ പോട്രിന്‍റെ സംവിധായിക സുധ കൊങ്കരയ്‌ക്കൊപ്പമുള്ള സിനിമയും അണിയറയിൽ ഒരുങ്ങുകയാണ്.
തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ഹോംബാലെ ഫിലിംസ് :2013-ലായിരുന്നു ഹോംബാലെ ഫിലിംസിന്‍റെ രംഗപ്രവേശം. 2018-ൽ യാഷ് അഭിനയിച്ച 'കെജിഎഫ് ചാപ്‌റ്റർ 1' ബോക്‌സ്ഓഫിസിൽ ചരിത്രം സൃഷ്‌ടിച്ചു. പിന്നാലെ കെജിഎഫ് ചാപ്‌റ്റർ 2, കാന്താര എന്നീ ചിത്രങ്ങളും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു. രണ്ട് ചിത്രങ്ങളും ലോകമെമ്പാടും 2000 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ട്. പുനീത് രാജ്‌കുമാറിന്‍റെ "നിന്നിൻടലേ" ആണ് കമ്പനി ആദ്യമായി നിർമിച്ച ചിത്രം.