വര്‍ത്തമാനകാല രാഷ്‌ട്രീയവും അടുത്തകാലത്ത് രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിവാദങ്ങളും ഉള്‍ക്കാമ്പോടെ അവതരിപ്പിച്ച ചിത്രമാണ് 'ജന ഗണ മന'. പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമ്മൂട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ഡിജോ ജോസ് ആന്‍റണിയാണ് സംവിധാനം ചെയ്‌തത്. ചിത്രം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്‌തിരുന്നു.
എന്നാലിപ്പോൾ ചലച്ചിത്ര ആസ്വാദകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജന ഗണ മനയുടെ രണ്ടാം ഭാഗത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് പൃഥ്വിരാജ് തന്നെ ഒരു പരിപാടിയിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.
'ജന ഗണ മന രണ്ടാം ഭാഗം ചെയ്യാനുള്ള ആശയം ഞങ്ങൾക്കുണ്ട്. എന്നാൽ അത് ഒരു പ്രീക്വൽ ആയിരിക്കും. ജന ഗണ മനയിൽ നിങ്ങൾ കണ്ട കാഥാപാത്രം ആ സാഹചര്യത്തിലേക്ക് എത്തിയതെങ്ങനെയായിരുന്നുവെന്ന് അറിയാൻ പുതിയ ചിത്രത്തിലൂടെ കഴിയും', പൃഥ്വിരാജ് വെളിപ്പെടുത്തി. രാജ്യത്തെ സമകാലിക വിഷയങ്ങളുടെ നേർക്കാഴ്‌ചയായി മാറിയ ചിത്രത്തെ കുറിച്ചുള്ള താരത്തിന്‍റെ പുതിയ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ വലിയ പ്രതീക്ഷകളാണുയർത്തുന്നത്.