അഭിനയത്തിനും സംവിധാനത്തിനും നിര്‍മാണത്തിനും പുറമെ വിതരണത്തിലും സജീവമാണ് പൃഥിരാജ് സുകുമാരന്‍. കെജിഎഫ് 2 അടക്കം പ്രധാന ഇതര ഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്‌തത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കന്നടയില്‍ സമീപകാലത്ത് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കാന്താരാ എന്ന ചിത്രം കേരളത്തില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ് ഇപ്പോള്‍.
ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെ പൃഥ്വി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കാന്താരായുടെ കന്നട പതിപ്പ് കണ്ടതിനു ശേഷമാണ് ചിത്രം കേരളത്തില്‍ എത്തിക്കണമെന്ന് തോന്നിയത് എന്നും സിനിമ മലയാളത്തില്‍ എത്തുമ്പോള്‍ മിസ് ചെയ്യരുത് എന്നും താരം ട്വീറ്റ് ചെയ്‌തു.
'സിനിമാറ്റിക് ആയ ഒരു ഗംഭീര നേട്ടമാണ് കാന്താരാ. ക്യാമറക്ക് മുന്നിലും പിന്നിലും ഒരുപോലെ പ്രതിഭാവിലാസം കാട്ടുന്ന ആളാണ് റിഷഭ് ഷെട്ടി. അതിഗംഭീരമായ ആ അവസാന 20 മിനിട്ടിനായി കാത്തിരിക്കുക', പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചു.
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് കാന്താരാ. സെപ്‌റ്റംബര്‍ 30നാണ് കന്നട പതിപ്പ് തിയേറ്ററുകളില്‍ എത്തിയത്. സിനിമയ്‌ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ചിത്രത്തെ പ്രശംസിച്ചു കൊണ്ട് പൃഥ്വിരാജിന് പുറമെ കിച്ച സുദീപ്, പ്രഭാസ് തുടങ്ങിയവരും രംഗത്തു വന്നിരുന്നു. കേരളത്തില്‍ വളരെ കുറച്ച് തിയേറ്ററുകളിലാണ് കന്നഡ പതിപ്പ് പ്രദര്‍ശനത്തിന് എത്തിയതെങ്കിലും മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിച്ചത്. മലയാളം പതിപ്പിന്‍റെ റിലീസ് തിയതി പുറത്തു വിട്ടിട്ടില്ലെങ്കിലും ഉടന്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.