കെജിഎഫ് ചിത്രങ്ങളിലൂടെ പ്രശസ്‌തിയുടെ കൊടുമുടി കയറിയ സംവിധായകന്‍ പ്രശാന്ത് നീലിന് പിറന്നാൾ ആശംസകൾ നേർന്ന് സുഹൃത്തുക്കളും സിനിമാലോകവും. ഞായറാഴ്‌ച ജന്മദിനം ആഘോഷിക്കുന്ന പ്രശാന്ത് നീലിന് ആശംസകളുമായി എത്തിയവരില്‍ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജുമുണ്ട്.
ഇന്ത്യയെമ്പാടും ആരാധകരുള്ള സംവിധായകന്‍റെ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ഏറ്റവും പുതിയ ചിത്രമാണ് 'സലാർ'. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലുണ്ട്. 'സലാർ' ടീമിനൊപ്പം പ്രിയ സംവിധായകന് ആശംസകൾ നേരുകയാണ് പൃഥ്വി.
നിങ്ങളിലെ ചെറിയൊരംശം മാത്രമേ ലോകം കണ്ടിട്ടുള്ളൂ എന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചു. വരാനിരിക്കുന്ന വർഷം അതിനെ പിന്തുടർന്നു വരുന്നതിന്‍റെ ടീസറാണെന്നറിയാമെന്നും പൃഥ്വി പറഞ്ഞു.
'ജന്മദിനാശംസകൾ പ്രശാന്ത്! ലോകം ഇതുവരെ നിങ്ങളിലെ ചെറിയൊരംശം മാത്രമേ കണ്ടിട്ടുള്ളൂ.. എനിക്കറിയാം വരാനിരിക്കുന്ന വർഷം അതിനെ പിന്തുടർന്നു വരുന്നതിന്‍റെ ഒരു ടീസർ ആയിരിക്കും! നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് മഹത്തരമാണ്.. ഇനി വരാനുള്ള കാര്യങ്ങൾക്കായി എനിക്ക് കാത്തിരിക്കാനാവില്ല!' -പൃഥ്വിരാജ് കുറിച്ചു.
'സലാറി'ൽ 'വർധരാജ മന്നാർ' എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. പ്രഭാസാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പ്രഭാസും സംവിധായകന് പിറന്നാളാശംസകൾ അറിയിച്ചിട്ടുണ്ട്.
'ഡാർലിങ് ഫ്രണ്ട്' എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് അദ്ദേഹം പ്രശാന്ത് നീലിന് ആശംസകൾ നേർന്നത്. 'സലാറി'ന്‍റെ സെറ്റിൽ വച്ച് അണിയറ പ്രർത്തകർ ചേർന്ന് കഴിഞ്ഞ ദിവസം പ്രശാന്ത് നീലിന്‍റെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.